വാജ്‌പേയിയുടെ ഉറ്റ സുഹൃത്ത് കണ്ട സ്വപ്‌നം; അടല്‍ ടണലിലൂടെ യാഥാര്‍ത്ഥ്യമായത് അര്‍ജുന്‍ ഗോപാലിന്റെ പതിറ്റാണ്ടുകളുടെ ആഗ്രഹം

പത്തു വര്‍ഷം കൊണ്ട് പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനാണ് അടല്‍ തുരങ്കം നിര്‍മ്മിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ച അടല്‍ ടണലിന്റെ പ്രവേശന കവാടം/ ചിത്രം: പിടിഐ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ച അടല്‍ ടണലിന്റെ പ്രവേശന കവാടം/ ചിത്രം: പിടിഐ

റോത്താംഗ് ചുരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടല്‍ ടണലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചപ്പോള്‍, മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിയുടെ സുഹൃത്ത് അര്‍ജുന്‍ ഗോപാലിന്റെ പതിറ്റാണ്ടുകള്‍ നീണ്ട സ്വപ്‌നത്തിനാണ് സാക്ഷാത്കാരമായത്. വാജ്‌പേയിയുടെ ഉറ്റ സുഹൃത്തായിരുന്ന അര്‍ജുന്‍ ഗോപാലാണ് റോത്താംഗ് ചുരത്തില്‍ ടണല്‍ നിര്‍മ്മിക്കുന്നതിനെ കുറിച്ച് മുന്‍ പ്രധാനമന്ത്രിയോട് ആദ്യമായി ആശയം പങ്കുവച്ചതെന്ന് അര്‍ജുന്‍ ഗോപാലിന്റെ മക്കളായ അമല്‍ സിങ്ങും രാം ദേവും പറയുന്നു. 

പത്തു വര്‍ഷം കൊണ്ട് പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനാണ് അടല്‍ തുരങ്കം നിര്‍മ്മിച്ചത്. 3,086 കോടിയാണ് പദ്ധതിയുടെ നിര്‍മാണച്ചെലവ്. മണാലി-ലേ ദേശീയ പാതയിലെ ദൂരം 45 കിലോമീറ്ററിലധികം തുരങ്കം കുറയ്ക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന്യം.

1998ലാണ് അര്‍ജുന്‍ ഗോപാല്‍ ടണല്‍ നിര്‍മ്മിക്കുന്നതിനെ കുറിച്ച് വാജ്‌പേയിയോട് ആശയം പങ്കുവയ്ക്കുന്നത്. 2008ല്‍ അര്‍ജുന്‍ മരിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാകുമ്പോള്‍ അതിരില്ലാത്ത സന്തോഷമാണെന്ന് മകന്‍ അമര്‍ സിങ് പറയുന്നു. 

1942ല്‍ ഗുജറാത്തില്‍ വെച്ചു നടന്ന ആര്‍എസ്എസിന്റെ ഒരു സംഘമത്തില്‍ വെച്ചാണ് തന്റെ പിതാവും വാജ്‌പേയിയും തമ്മില്‍ പരിജയപ്പെടുന്നത് എന്നും അമര്‍ സിങ് പറഞ്ഞു. 

ടണല്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി 'ലാഹുല്‍-സ്പിതി-പംഗി-ജന്‍ജാതി സേവാസമിതി' എന്ന പേരില്‍ അര്‍ജുന്‍ ഗോപാല്‍ ഒരു സംഘടനയുണ്ടാക്കിയിരുന്നതായും അമര്‍ സിങ് പറയുന്നു. 

ടണല്‍ വന്നതോടെ ലാഹുല്‍-സ്പിതി ജില്ലയിലെ സാമ്പത്തിക സ്ഥിതി കൂടുതല്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ഗോപാലിന്റെ രണ്ടാമത്തെ മകനായ രാം ദേവ് പറഞ്ഞു. 

സമുദ്രനിരപ്പില്‍ നിന്ന് 10,000 അടി ഉയരത്തില്‍ പര്‍വതം തുരന്ന് നിര്‍മ്മിച്ച 9.02 കിലോമീറ്റര്‍ നീളമുള്ള തുരങ്കപാതയാണ് അടല്‍ ടണലിനെ വ്യത്യസ്തമാക്കുന്നത്. ലഭ്യമായ എല്ലാ ആധുനിക സുരക്ഷ, സവിശേഷതകളും ഉള്‍ക്കൊള്ളിച്ചാണു ഹിമാലയത്തിലെ പിര്‍ പഞ്ജല്‍ റേഞ്ചില്‍ തുരങ്കം പൂര്‍ത്തിയാക്കിയത്.

കുതിരലാടത്തിന്റെ ആകൃതിയിലുള്ള സിംഗിള്‍-ട്യൂബ് ഡബിള്‍ ലെയിന്‍ ടണലാണിത്. 8 മീറ്ററാണു റോഡ്വേ. 5.525 മീറ്റര്‍ ഓവര്‍ഹെഡ് ക്ലിയറന്‍സുണ്ട്. പ്രതിദിനം 3000 കാറുകള്‍ക്കും 1500 ട്രക്കുകള്‍ക്കും മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാം. ഓരോ 150 മീറ്ററിലും ടെലഫോണ്‍ സൗകര്യം, ഓരോ 60 മീറ്ററിലും ഫയര്‍ ഹൈഡ്രന്റ്, ഓരോ 500 മീറ്ററിലും എമര്‍ജന്‍സി എക്‌സിറ്റ്, ഓരോ കിലോമീറ്ററിലും വായുവിന്റെ ഗുണനിലവാര നിരീക്ഷണം, ഓരോ 250 മീറ്ററിലും സിസിടിവി ക്യാമറകളുള്ള ഓട്ടമാറ്റിക് ഡിറ്റക്ഷന്‍ സംവിധാനം തുടങ്ങിയവയും സ്ഥാപിച്ചിട്ടുണ്ട്.

സൈനിക നീക്കത്തിനും വിനോദ സഞ്ചാരത്തിനും സഹായകമാകുന്ന ടണല്‍ മണാലിയും ലേയും തമ്മിലുള്ള ദൂരത്തില്‍ 46 കിലോമീറ്ററോളം കുറവുണ്ടാക്കും. ലഹൗളിലേക്കും സ്പിതി വാലിയിലേക്കുമുള്ള  മണാലിയില്‍നിന്ന് നിലവില്‍ അഞ്ച് മണിക്കൂറോളം വേണ്ട യാത്രയ്ക്ക് ഇനി 10 മിനിറ്റ് മതിയാകും. തുരങ്കം യാഥാര്‍ത്ത്യമായതോടെകശ്മീരിലെ തന്ത്രപ്രധാന മേഖലയായ ലഡാക്കിലേക്കുള്ള സൈനീക നീക്കങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com