ഹാഥ് രസിലെ പൊലീസ് നടപടിക്കെതിരെ ഉമാ ഭാരതി, 'അന്വേഷണത്തിൽ സംശയം, ബിജെപിയുടെയും യുപി സർക്കാരിന്റേയും പ്രതിച്ഛായ മോശമാക്കി'

പെൺകുട്ടിയുടെ ബന്ധുക്കളെ കാണാൻ മാധ്യമപ്രവർത്തകരെയും രാഷ്ട്രീയ നേതാക്കളെയും അനുവദിക്കണമെന്നു ആവശ്യപ്പെട്ടു
ഹാഥ് രസിലെ പൊലീസ് നടപടിക്കെതിരെ ഉമാ ഭാരതി, 'അന്വേഷണത്തിൽ സംശയം, ബിജെപിയുടെയും യുപി സർക്കാരിന്റേയും പ്രതിച്ഛായ മോശമാക്കി'

ന്യൂഡൽഹി: ഹാഥ് രസ് പീഡന കേസിലെ പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് മുതിർന്ന ബിജെപി നേതാവ് ഉമാ ഭാരതി. പൊലീസിന്റെ നി​ഗൂഢമായ നടപടി ഉത്തർപ്രദേശ് സർക്കാരിന്റേയും ബിജെപിയുടേയും പേര് കളങ്കപ്പെടുത്തിയെന്നാണ് അവർ പറഞ്ഞത്. കൂടാതെ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ വീടിനു ചുറ്റുമുള്ള പൊലീസ് വിന്യാസം നീക്കണമെന്നും യോ​ഗി ആദിത്യനാഥിനോട് ഉമാ ഭാര‌തി ആവശ്യപ്പെട്ടു. 

കോവിഡ് ബാധിതയായി ചികിത്സയിൽ കഴിയുന്ന ഉമാ ഭാരതി ട്വീറ്റുകളിലൂടെയാണ് പ്രതികരിച്ചത്. പെൺകുട്ടിയുടെ ബന്ധുക്കളെ കാണാൻ മാധ്യമപ്രവർത്തകരെയും രാഷ്ട്രീയ നേതാക്കളെയും അനുവദിക്കണമെന്നു ആവശ്യപ്പെട്ട നേതാവ് പെൺകുട്ടിയെ സംസ്കരിച്ച നടപടിയേയും കുറ്റപ്പെടുത്തി. 

അവള്‍ ഒരു ദളിത് കുടുംബത്തിലെ പെണ്‍കുട്ടിയായിരുന്നു. പൊലീസ് അവളെ തിടുക്കത്തില്‍ സംസ്‌കരിക്കുകയായിരുന്നു. എന്നിട്ടിപ്പോള്‍ ആ കുടുംബവും ഗ്രാമവും പൊലീസ് വളഞ്ഞിരിക്കുകയാണ്. ഇതിനെതിരെ നടപടിയെടുക്കുമെന്നും അതിനാല്‍ പ്രതികരിക്കേണ്ടതില്ലെന്നുമാണ് ആദ്യം ഞാന്‍ ചിന്തിച്ചത്. എന്നാല്‍ ഇരയുടെ കുടുംബത്തേയും ഗ്രാമത്തേയും പൊലീസ് വളഞ്ഞതോടെയാണ് പ്രതികരണം അറിയിക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ കുറിച്ചു. 

പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിയാല്‍ വീട്ടുകാര്‍ക്ക് ആരെയും കാണാനാവില്ലെന്ന നിയമമുണ്ടോ എന്ന് തനിക്കറിയില്ല. ഇതിലൂടെ പ്രത്യേക സംഘത്തിന്റെ അന്വേഷണം തന്നെ സംശയത്തിന്റെ നിഴലിലാവുകയാണെന്നും ഉമാ ഭാരതി കൂട്ടിേേച്ചര്‍ത്തു. രാമരാജ്യം കൊണ്ടുവരാനാണ് രാമക്ഷേത്രം പണിയുന്നത്. എന്നാല്‍ പൊലീസിന്റെ നടപടി യുപി ഗവണ്‍മെന്റിന്റേയും ബിജെപിയുടേയും പ്രതിച്ഛായയെ മോശമാക്കി. മാധ്യമങ്ങള്‍ക്കും പ്രതിപക്ഷ പാര്‍ട്ടികളിലെ ഉള്‍പ്പടെ നേതാക്കള്‍ക്കും പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനുള്ള അവസരമുണ്ടാക്കണമെന്നും ഉമാ ഭാരതി കൂട്ടിച്ചേര്‍ത്തു. കോവിഡ് ബാധിച്ചില്ലായിരുന്നെങ്കില്‍ ആ കുടുംബത്തിനൊപ്പം താനുമുണ്ടാകുമായിരുന്നു. ഡിസ്ചാര്‍ജ് ചെയ്താല്‍  കുടുംബത്തെ കാണാന്‍ തീര്‍ച്ചയായും എത്തുമെന്നും വ്യക്തമാക്കി. മുതിര്‍ന്ന സഹോദരി എന്ന നിലയില്‍ തന്റെ അപേക്ഷ തള്ളിക്കളയരുതെന്ന് യോഗി ആദിത്യനാഥിനോട് പറയാനും ഉമാ ഭാരതി മറന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com