ജൂലൈയിൽ 25കോടി ആളുകൾക്ക് കോവിഡ് വാക്സിൻ ലഭ്യമാക്കും; 500 ദശലക്ഷം ഡോസ് വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

40-50 കോടി വാക്‌സിൻ ഡോസുകൾ സർക്കാരിന് ലഭിക്കുമെന്നും തുല്യമായ രീതിയിൽ ലഭ്യമാക്കുമെന്നും ഡോ. ഹർഷ് വർദ്ധൻ
ജൂലൈയിൽ 25കോടി ആളുകൾക്ക് കോവിഡ് വാക്സിൻ ലഭ്യമാക്കും; 500 ദശലക്ഷം ഡോസ് വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: അടുത്തവർഷം ജൂലൈയോടെ രാജ്യത്തെ 20-25കോടി ജനങ്ങൾക്ക് കോവിഡ് വാക്‌സിൻ ലഭ്യമാക്കാൻ സർക്കാർ പദ്ധിതിയിടുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർദ്ധൻ. 40-50 കോടി വാക്‌സിൻ ഡോസുകൾ സർക്കാരിന് ലഭിക്കുമെന്നും തുല്യമായ രീതിയിൽ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരുകളുമായി ചേർന്ന് പ്രതിരോധ മരുന്ന് നൽകേണ്ടതിന്റെ മുൻ​ഗണനാപട്ടിക തയ്യാറാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വാക്സിൻ വിതരണത്തിൽ മുൻനിര ആരോഗ്യ പ്രവർത്തകർക്ക് മുൻഗണന നൽകുമെന്നാണ് ഹർഷ് വർദ്ധൻ അറിയിച്ചത്. "മുൻനിര ആരോഗ്യ പ്രവർത്തകർ എന്ന് പറയുമ്പോൾ സർക്കാർ ആശുപത്രികളിലെയും സ്വകാര്യ മേഖലയിലെയും ഡോക്ടർമാരും നേഴ്‌സുമാരും ശുചീകരണ തൊഴിലാളികളും ആശാവർക്കർമാരും മറ്റ് ജീവനക്കാരും ഉൾപ്പെടും. രോഗികളെ പരിശോധിക്കുകയും പരിചരിക്കുകയും ചെയ്യുന്ന എല്ലാ വിഭാഗക്കാരും ഇതിൽ ഉൾപ്പെടും", പ്രതിവാര സോഷ്യൽ മീഡിയ സൺഡേ സംവാദിന്റെ നാലാം പതിപ്പിലാണ് ഡോ. ഹർഷ് വർദ്ധൻ ഇക്കാര്യം അറിയിച്ചത്. 

ഇന്ത്യൻ വാക്‌സിൻ നിർമ്മാതാക്കൾക്ക് സർക്കാർ പൂർണ്ണ പിന്തുണ നൽകുന്നുണ്ടെന്നും വാക്‌സിന് തുല്യമായി ലഭ്യമാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് മൂന്ന് വാക്‌സിനുകളാണ് ക്ലിനിക്കൽ പരീക്ഷണ ഘട്ടത്തിലുള്ളത്. കോവിഡ് വാക്‌സിൻ വികസിപ്പിക്കാനുള്ള ഗവേഷണം വേഗത്തിൽ നടക്കുന്നുണ്ടെന്നും 2021 ന്റെ തുടക്കത്തിൽ ഇത് തയ്യാറാകുമെന്നും ആരോഗ്യമന്ത്രി ഈ ആഴ്ച ആദ്യം പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com