'ഗ്ലിസറിന്‍ ഉപയോഗിച്ചുപോലും ഈ നടി രണ്ടുതുള്ളി കണ്ണീര്‍ പൊഴിച്ചില്ല; നായ്ക്കളെപ്പോലെ കുരച്ച ന്യൂസ് ചാനലുകളും രാഷ്ട്രീയക്കാരും മാപ്പ് പറയണം'

ബോളിവുഡ് നടന്‍ ശുശാന്ത് സിങ് രജ്പുത്തിന്റെ മരണം ആത്മഹത്യയാണെന്ന എയിംസ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മുംബൈ പൊലീസിനെ അധിക്ഷേപിച്ച രാഷ്ട്രീയക്കാരും മാധ്യമങ്ങളും മാപ്പ് പറയണമെന്ന് ശിവസേന
'ഗ്ലിസറിന്‍ ഉപയോഗിച്ചുപോലും ഈ നടി രണ്ടുതുള്ളി കണ്ണീര്‍ പൊഴിച്ചില്ല; നായ്ക്കളെപ്പോലെ കുരച്ച ന്യൂസ് ചാനലുകളും രാഷ്ട്രീയക്കാരും മാപ്പ് പറയണം'


ബോളിവുഡ് നടന്‍ ശുശാന്ത് സിങ് രജ്പുത്തിന്റെ മരണം ആത്മഹത്യയാണെന്ന എയിംസ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മുംബൈ പൊലീസിനെ അധിക്ഷേപിച്ച രാഷ്ട്രീയക്കാരും മാധ്യമങ്ങളും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ശിവസേന രംഗത്ത്. പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ശിവസേന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 

കേസില്‍ സത്യം തെളിഞ്ഞെന്നും മഹാരാഷ്ട്രയെ താറടിച്ച് കാണിക്കാനുള്ള ഗൂഢാലോചനയാണ് നടന്നതെന്നും പത്രം എഡിറ്റോറിയലില്‍ പറയുന്നു. ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ക്ക് എതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ മാനനഷ്ടക്കേസ് നല്‍കണമെന്നും സാമ്‌ന ആവശ്യപ്പെടുന്നു. സുശാന്തിന്റെ മരണം ആത്മഹത്യയാണെന്ന് കഴിഞ്ഞദിവസം ഡല്‍ഹി എയിംസ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 

'മുംബൈ പൊലീസിനെ അധിക്ഷേപിക്കാനും അന്വേഷണത്തെ താറടിച്ച് കാണിക്കാനും നായ്ക്കളെ പോലെ കുരച്ച രാഷ്ട്രീയക്കാരും ന്യൂസ് ചാനലുകളും മഹാരാഷ്ട്രയോട് മാപ്പ് പറയണം'- പത്രം ആവശ്യപ്പെടുന്നു. 

സുശാന്തിന്റെ സ്വകാര്യത മാനിച്ചാണ് മുംബൈ പൊലീസ് അന്വേഷണം നടത്തിയത്. എന്നാല്‍ സിബിഐ, അദ്ദേഹത്തിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് 24 മണിക്കൂറും പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ശിവസേന ആരോപിച്ചു. 

മുംബൈയെ പാകിസ്ഥാനോട് ഉപമിച്ച നടി ഇപ്പോള്‍ എവിടെയാണെന്നും കങ്കണ റണാവത്തിന്റെ പേര് എടുത്ത് പറയാതെ ശിവസേന മുഖപത്രം ചോദിച്ചു.

' ഹാഥ്‌രസില്‍ ഒരു പെണ്‍കുട്ടി ക്രൂര പീഡനത്തിന് വിധേയായി കൊല്ലപ്പെട്ടിട്ടും അവളുടെ മൃതശരീരം രാത്രിയില്‍ ആരുമറിയാതെ പൊലീസ് കത്തിച്ചു കളഞ്ഞിട്ടും ഈ നടി ഗ്ലിസറിന്‍ ഉപയോഗിച്ച് പോലും രണ്ടുതുള്ളി കണ്ണീര്‍ പൊഴിച്ചില്ല'- ശിവസേന മുഖപത്രം പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com