ഇന്ത്യയില്‍ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ ലൈംഗിക അതിക്രമ ഭീഷണി നേരിടുന്നുവെന്ന് യുഎന്‍ ; അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് അധികൃതര്‍ ഉറപ്പാക്കണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പിന്നാക്ക സാമൂഹിക വിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകളും പെണ്‍കുട്ടികളും ലൈംഗിക അതിക്രമ ഭീഷണി നേരിടുന്നതായി യു എന്‍. പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവര്‍  ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകാനുളള സാധ്യത കൂടുതലാണെന്നതിന്റെ ഓര്‍മപ്പെടുത്തലാണ് ഹാഥ്‌റസിലെയും ബലറാംപുരിലേയും സംഭവങ്ങളെന്ന് യു എന്നിന്റെ ഇന്ത്യാഘടകം പുറത്തിറക്കിയ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. 

ഇത്തരം സംഭവങ്ങളില്‍ കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് അധികൃതര്‍ ഉറപ്പാക്കണം. ഇരയുടെ കുടുംബങ്ങള്‍ക്ക് സമയബന്ധിതമായ നീതി, സാമൂഹിക പിന്തുണ, കൗണ്‍സലിങ്, ആരോഗ്യസംരക്ഷണം, പുനരധിവാസം, ശാക്തീകരണം എന്നിവ തേടുന്നതിനുളള അധികാരം ഉണ്ടെന്നും യുഎന്‍  പ്രസ്താവനയില്‍ പറയുന്നു. 

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി ഇന്ത്യന്‍ സര്‍ക്കാര്‍ എടുത്തിട്ടുളള സ്വാഗതാര്‍ഹവും അടിയന്തര പ്രധാന്യമുളളതുമാണ്. ലിംഗാധിഷ്ഠിത അക്രമങ്ങളിലേക്ക് നയിക്കുന്ന സാമൂഹികരീതികളും പുരുഷന്മാരുടേയും ആണ്‍കുട്ടികളുടേയും പെരുമാറ്റവും അഭിസംബോധന ചെയ്യപ്പെടേണ്ടതുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാരിനും സമൂഹത്തിനും പിന്തുണ നല്‍കുന്നത് യുഎന്‍ തുടരുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം യു എന്നിന്റെ പ്രസ്താവനയില്‍ ഇന്ത്യ അതൃപ്തി പ്രകടിപ്പിച്ചു. യു എന്‍ റെസിഡന്റ് കോര്‍ഡിനേറ്ററുടെ പ്രസ്താവന അനുചിതമാണ്. ഇത്തരം കേസുകള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ പുറത്തുനിന്നുള്ള ഏജന്‍സികള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കണമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com