സെക്കന്‍ഡില്‍ 2.4 കിലോമീറ്റര്‍ ദൂരം, 700 കിലോമീറ്റര്‍ ദൂരപരിധി, ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുളള ശൗര്യ ഇനി സേനയുടെ ഭാഗം, സൈനിക ബലം കൂട്ടി ഇന്ത്യ 

അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം നിലനില്‍ക്കേ, ശബ്ദാതിവേഗത്തില്‍ സഞ്ചരിക്കുന്ന ഭൂതല- ഭൂതല മിസൈലായ ശൗര്യയെ സേനയുടെ ഭാഗമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി
സെക്കന്‍ഡില്‍ 2.4 കിലോമീറ്റര്‍ ദൂരം, 700 കിലോമീറ്റര്‍ ദൂരപരിധി, ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുളള ശൗര്യ ഇനി സേനയുടെ ഭാഗം, സൈനിക ബലം കൂട്ടി ഇന്ത്യ 

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം നിലനില്‍ക്കേ, ശബ്ദാതിവേഗത്തില്‍ സഞ്ചരിക്കുന്ന ഭൂതല- ഭൂതല മിസൈലായ ശൗര്യയെ സേനയുടെ ഭാഗമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി. ആണവ പോര്‍മുന വഹിക്കാന്‍ വരെ ശേഷിയുളള 700 കിലോമീറ്റര്‍ ദൂരപരിധിയുളളതാണ് തന്ത്രപ്രധാനമായ ശൗര്യ മിസൈല്‍. അന്തര്‍വാഹിനിയില്‍ നിന്ന് തൊടുക്കാവുന്ന, 5000 കിലോമീറ്റര്‍ വരെ അകലെയുളള ലക്ഷ്യസ്ഥാനം തകര്‍ക്കാന്‍ ശേഷിയുളള ബാലിസ്റ്റിക് മിസൈല്‍ കെ- 5ന്റെ വികസനത്തില്‍ വലിയ മുന്നേറ്റം കാഴ്ചവെച്ചതിന് പിന്നാലെ ശൗര്യയെ സേനയുടെ ഭാഗമാക്കാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സേനയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അന്തര്‍വാഹിനിയില്‍ നിന്ന് തൊടുക്കാവുന്ന ബിഎ- 05 മിസൈലിന്റെ കരസേന പതിപ്പാണ് ശൗര്യ. പ്രമുഖ പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയാണ് ഇത് വികസിപ്പിച്ചത്. ഒക്ടോബര്‍ മൂന്നിന് ഒഡീഷയിലെ ബാലസോറില്‍ നടത്തിയ പരീക്ഷണം വിജയകരമായതിനെ തുടര്‍ന്നാണ് ശൗര്യയെ സേനയുടെ ഭാഗമാക്കാന്‍ തീരുമാനിച്ചത്.

ശബ്ദാതിവേഗത്തില്‍ സഞ്ചരിക്കുന്ന ശൗര്യ മിസൈല്‍ സെക്കന്‍ഡില്‍ 2.4 കിലോമീറ്റര്‍ ദൂരം മറികടക്കും. 50 കിലോമീറ്റര്‍ വരെ ഉയരത്തില്‍ പറക്കാന്‍ സാധിക്കും. ദേശീയ സുരക്ഷാ സമിതിയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച് സേനയുടെ തന്ത്രപ്രധാന ഘടകമായ ഇന്ത്യന്‍ സ്ട്രാറ്റജിക് ഫോഴ്‌സസ് കമാന്‍ഡ് ഏതെല്ലാം പ്രദേശത്ത് ഇത് വിന്യസിക്കണമെന്നതിനെ കുറിച്ച് തീരുമാനമെടുക്കും. 160 കിലോഗ്രാം തൂക്കമാണ് മിസൈലിനുളളത്.

ചൈനയുമായുളള സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സൈനിക ബലം വര്‍ധിപ്പിക്കാനുളള ശ്രമം ഇന്ത്യ തീവ്രമാക്കിയിരിക്കുകയാണ്. അന്തര്‍വാഹിനിയില്‍ നിന്ന് തൊടുക്കാവുന്ന, 5000 കിലോമീറ്റര്‍ വരെയുളള ലക്ഷ്യസ്ഥാനം കൃത്യമായി തകര്‍ക്കാന്‍ ശേഷിയുളള ബാലിസ്റ്റിക് മിസൈലിന്റെ വികസനത്തില്‍ ഡിആര്‍ഡിഒ വലിയ മുന്നേറ്റം കാഴ്ച വെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അഗ്നി- 5ന് തുല്യമായി കടലിനടിയില്‍ നിന്ന് തൊടുക്കാവുന്ന വിധമാണ് ഇത് വികസിപ്പിക്കുന്നത്. ഭാവിയില്‍ കെ-5 ആണവ അന്തര്‍വാഹിനിയായ അരിഹന്തില്‍ വിന്യസിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്നലെ സ്മാര്‍ട്ട് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന 'സൂപ്പര്‍ സോണിക് മിസൈല്‍ അസിസ്റ്റഡ് റിലീസ് ഓഫ് ടോര്‍പിഡോ' സാങ്കേതികവിദ്യയുടെ പരീക്ഷണവും വിജയകരമായി ഡിആര്‍ഡിഒ നിര്‍വഹിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com