ആറാം മാസം കോവിഡ് സ്ഥിരീകരിച്ചു, മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍; കുഞ്ഞെങ്കിലും രക്ഷപ്പെടട്ടെ, പ്രസവം നേരത്തെയാക്കാന്‍ ആലോചന, അസ്ഫിയയുടെ അതിജീവന കഥ

കോവിഡ് ബാധിച്ച് ആശുപത്രിയില്‍ മരണത്തെ മുഖാമുഖം കണ്ട ഇന്ത്യക്കാരി മാസങ്ങള്‍ക്ക് ശേഷം കുഞ്ഞിന് ജന്മം നല്‍കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദുബായ്:ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ മരണത്തെ മുഖാമുഖം കണ്ട ഇന്ത്യക്കാരി മാസങ്ങള്‍ക്ക് ശേഷം കുഞ്ഞിന് ജന്മം നല്‍കി. കോവിഡിന്റെ ഒരു ഘട്ടത്തില്‍ കുഞ്ഞിനേയെങ്കിലും രക്ഷിക്കാന്‍ പ്രസവം നേരത്തെയാക്കാന്‍ പോലും ആലോചിച്ചിരുന്നു. വൈറസ് വ്യാപനത്തെ തുടര്‍ന്ന്് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലാണ് ഹൈദരാബാദ് സ്വദേശിയായ അസ്ഫിയ സമ്രീന്റെ അത്ഭുതകരമായ ജീവിതത്തിലേക്കുളള തിരിച്ചുവരവ്.

ദുബായില്‍ വച്ച് മെയ് മാസത്തിലാണ് അസ്ഫിയ സമ്രീന് കോവിഡ് സ്ഥിരീകരിച്ചത്. മാസങ്ങള്‍ നീണ്ട ദുരിതങ്ങള്‍ക്കും മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍ക്കും ഒടുവില്‍ സെപ്റ്റംബറിലാണ് അസ്ഫിയ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. രോഗം വഷളായതിന് പുറമേ, മെഡിക്കല്‍ ഇന്‍ഷുറന്‍സ് കാലാവധി തീര്‍ന്നതും പുതുക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഭര്‍ത്താവിന് കഴിയാതെ വന്നതും ഉള്‍പ്പെടെ നിരവധി പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് അസ്ഫിയ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.ഇലക്ട്രിക്കല്‍ എന്‍ജിനീയറായ ഭര്‍ത്താവിന്റെ തൊഴിലുടമയ്ക്ക് കോവിഡിനെ തുടര്‍ന്ന്് ചില സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടതാണ് ഈ പ്രയാസങ്ങള്‍ക്ക് കാരണം. ഈ ഘട്ടത്തിലും മനോബലം നഷ്ടപ്പെടാതെ പിടിച്ചുനിന്ന അസ്ഫിയയെ അബുദാബി ആരോഗ്യവിഭാഗം അഭിനന്ദിച്ചു.

മെയ് ആറിന് ആറുമാസം ഗര്‍ഭിണിയായിരുന്ന സമയത്താണ് അസ്ഫിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഉടന്‍ തന്നെ കോര്‍ണിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയുടെ ഒരു ഘട്ടത്തില്‍ അസ്ഫിയയുടെ നില വഷളായതോടെ, പ്രസവം നേരത്തെയാക്കാന്‍ പോലും ആലോചിച്ചു. കുഞ്ഞിനേയെങ്കിലും തിരിച്ചുകിട്ടാന്‍ വേണ്ടിയായിരുന്നു അത്തരം ആലോചനകള്‍ നടന്നത്. 

നില ഗുരുതരമായതോടെ എസ്എസ്എംസി ആശുപത്രിയിലേക്ക് സമ്രീനെ മാറ്റി. അഞ്ചു ദിവസം അബോധാവസ്ഥയിലായ സമ്രീനയ്ക്ക് മെയ് 18ന് ബോധം തിരിച്ചുകിട്ടി. ജൂണ്‍ ആദ്യ ആഴ്ച കോവിഡില്‍ നിന്ന് ഭേദമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു. ഗര്‍ഭകാലത്തെ അവസാന മൂന്ന് മാസത്തില്‍ നിരവധി പ്രതിസന്ധികളെയാണ് ഈ ഹൈദരാബാദുകാരി നേരിട്ടത്.

കോവിഡ് പശ്ചാത്തലത്തില്‍ കൃത്യമായി ശമ്പളം കിട്ടാതെ ബുദ്ധിമുട്ടുന്നതിനിടെയാണ് ഈ പ്രതിസന്ധി വന്നതെന്ന് സമ്രീന പറയുന്നു. മൂന്ന് കുട്ടികള്‍ അടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ പോലും എന്‍ജിനീയറായ ഭര്‍ത്താവ് ബുദ്ധിമുട്ടി. അതിനിടെ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭര്‍ത്താവിനും വൈറസ് ബാധ കണ്ടെത്തി. അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയെന്ന് സമ്രീന പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com