കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍ അന്തരിച്ചു

കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍ അന്തരിച്ചു
കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര ഭക്ഷ്യ മന്ത്രിയും എല്‍ജെപിയുടെ മുതിര്‍ന്ന നേതാവുമായ രാംവിലാസ് പാസ്വാന്‍ അന്തരിച്ചു. ഹൃദയമാറ്റ ശസ്ത്രക്രിയക്ക് ശേഷം ഡല്‍ഹിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 

മകനും എല്‍ജെപി നേതാവുമായ ചിരാഗ് പാസ്വാനാണ് മരണം വിവരം പുറത്തു വിട്ടത്. ബിഹാര്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം.

അദ്ദേഹത്തിന് 74 വയസായിരുന്നു. നരേന്ദ്ര മോദി മന്ത്രിസഭയിൽ ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം വകുപ്പുകളുടെ ചുമതലയായിരുന്നു.

പാർട്ടി യോഗത്തിൽ പങ്കെടുക്കുന്നതിനു തൊട്ടു മുൻപ് അസ്വസ്ഥതകൾ തോന്നിയതിനെ തുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറച്ചുകാലമായി ഹൃദയസംബന്ധമായ അസുഖങ്ങൾക്കു ചികിത്സയിലായിരുന്നു.

വിവിധ കാലത്ത് കേന്ദ്രത്തിൽ പല വകുപ്പുകളുടേയും ചുമതല വഹിച്ചിരുന്നു അദ്ദേഹം. മൻമോഹൻ സിങിന്റെ നേത‌ൃത്വത്തിലുള്ള യുപിഎ സർർ മന്ത്രിസഭയിലും പാസ്വാന്‍ മന്ത്രിയായിരുന്നു. 

ബിഹാറിലെ ഹാജിപുർ മണ്ഡലത്തിൽ നിന്ന് ഏഴ് തവണ അദ്ദേഹം ലോക്സഭയിൽ എത്തി. സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി, ലോക്ദൾ, ജനതപാർട്ടി, ജനതാദൾ എന്നിവയിൽ അംഗമായിരുന്നു. 2004ൽ ലോക്ജനശക്തി (എൽജെപി) പാർട്ടി രൂപീകരിച്ചു.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ഇന്ത്യൻ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു രാംവിലാസ് പാസ്വാൻ. ബിഹാറിൽ നിന്നുള്ള ഇന്ത്യയിലെ അറിയപ്പെടുന്ന ദളിത് നേതാവ് കൂടിയായിരുന്നു.

ജനതാ പാർട്ടിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിര ഗാന്ധിക്കെതിരേ കടുത്ത നിലപാടെടുത്ത വിദ്യാർഥി നേതാവായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷമുള്ള സമരമുഖമാണ് പാസ്വാനിലെ രാഷ്ട്രീയ നേതാവിനെ പുറത്തുകൊണ്ടുവന്നത്. ഏറെക്കാലം തടവിലായ പാസ്വാൻ പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിലെ തുടർ വിജയങ്ങളിലൂടെ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായി മാറുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com