ദളിത് രാഷ്ട്രീയത്തിന്റെ സൂര്യശോഭ; ആറ് പ്രധാനമന്ത്രിമാരുടെ കീഴില്‍ മന്ത്രി; പ്രായം കുറഞ്ഞ എംഎല്‍എ; രാംവിലാസ് പസ്വാന്റെ രാഷ്ട്രീയ ജീവിതം

രാഷ്ട്രീയത്തില്‍ പസ്വാന്റെ പേരില്‍ ഒന്നിലധികം റെക്കോര്‍ഡുകളുണ്ട്
ദളിത് രാഷ്ട്രീയത്തിന്റെ സൂര്യശോഭ; ആറ് പ്രധാനമന്ത്രിമാരുടെ കീഴില്‍ മന്ത്രി; പ്രായം കുറഞ്ഞ എംഎല്‍എ; രാംവിലാസ് പസ്വാന്റെ രാഷ്ട്രീയ ജീവിതം

ന്യൂഡല്‍ഹി: രാജ്യത്തെ ദളിത് രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖനായിരുന്നു അന്തരിച്ച രാംവിലാസ് പസ്വാന്‍. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെയാണ് ദേശീയ രാഷ്ട്രീയത്തില്‍ പാസ്വന്‍ അഭിവാജ്യമായ ഘടകമായത്. രാഷ്ട്രീയത്തില്‍ പസ്വാന്റെ പേരില്‍ ഒന്നിലധികം റെക്കോര്‍ഡുകളുണ്ട്. ബിഹാര്‍ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ, ആറു പ്രധാനമന്ത്രിമാരുടെ കീഴില്‍ മന്ത്രി. 1969ല്‍ ബിഹാര്‍ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതു മുതല്‍ അരനൂറ്റാണ്ടായി തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലുള്ള രാജ്യത്തെ അപൂര്‍വം ചില നേതാക്കളിലൊരാളായിരുന്നു പസ്വാന്‍.

തൊഴില്‍ക്ഷേമ മന്ത്രിയായിരിക്കെ പാസ്വാന്റെ നിര്‍ണായക ഇടപെടലുകളാണു വിപി സിങ് സര്‍ക്കാര്‍ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ വഴിയൊരുക്കിയത്. വാജ്‌പേയി സര്‍ക്കാരിന്റെ ആദ്യ വര്‍ഷങ്ങളില്‍ വാര്‍ത്താവിനിമയ പരിഷ്‌കരണ നടപടികള്‍ക്കു ചുക്കാന്‍ പിടിച്ചതും പസ്വാനായിരുന്നു. റെയില്‍വേ മന്ത്രിയായിരിക്കെ, ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നിരവധി തൊഴിലവസരങ്ങളും പസ്വാന്‍ സൃഷ്ടിച്ചു. 

ബിജെപി, കോണ്‍ഗ്രസ്, മൂന്നാം മുന്നണി എന്നിവയുമായി കാലാകാലങ്ങളില്‍ സഖ്യങ്ങളുണ്ടാക്കിയാണ് പസ്വാന്റെ രാഷ്ട്രീയ ജീവിതം. കഴിഞ്ഞ രണ്ടു ദശകത്തിലെ രാഷ്ട്രീയത്തില്‍ ബിഹാറില്‍ മേധാവിത്ത ശക്തിയാകാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. 

രാജ്യത്തെ പ്രധാന സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെയും അതിന്റെ തുടര്‍ച്ചയായ ജനതാപാര്‍ട്ടി, ജനതാദള്‍ എന്നിവയുടെയും ഭാഗമായിരുന്ന പസ്വാന്‍, ലാലു പ്രസാദിനോടും കുടുംബത്തോടും കലഹിച്ചാണ് 2000ല്‍ ആ ബന്ധം അവസാനിപ്പിച്ചത്. പിന്നീട് അദ്ദേഹം ലോക് ജനശക്തി പാര്‍ട്ടി ഉണ്ടാക്കി. സഖ്യകക്ഷികളുമായി ചേര്‍ന്ന് എല്‍ജെപിക്ക് ഏതാനും സീറ്റുകള്‍ നേടാനായി. 2004ല്‍ യുപിഎ സര്‍ക്കാരിന്റെ ഭാഗമായി. 2014ലും 2019ലും മോദിസര്‍ക്കാരിലും ചേര്‍ന്നു.

ഇതേസമയം ബിഹാര്‍ രാഷ്ട്രീയത്തിലെ അടിയൊഴുക്കുകള്‍ മാറിമറിഞ്ഞതോടെ നിതീഷ് കുാറിനു വ്യക്തമായ മേധാവിത്തം ലഭിക്കുകയും പാസ്വാന്റെ ശക്തി ക്ഷയിക്കുകയും ചെയ്തു. ശാരീരിക അവശതകളെ തുടര്‍ന്ന് ബിഹാര്‍ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ നീക്കങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റാംവിലാസ് പസ്വാനു പകരം മകന്‍ ചിരാഗ് ആണ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. പസ്വാന്റെ മരണം ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ജെഡിയുവിന്റെ മുന്നേറ്റം തടയുമോയെന്നത് കാത്തിരുന്ന് കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com