60 പൊലീസുകാര്‍, എട്ട് സിസിടിവി ക്യാമറകള്‍, അഗ്നിശമന സേനാംഗങ്ങള്‍, മെറ്റല്‍ ഡിറ്റക്ടര്‍; ഹാഥ്‌രസിലെ പെണ്‍കുട്ടിയുടെ വീടിന് കനത്ത സുരക്ഷ ഒരുക്കിയെന്ന് യുപി സര്‍ക്കാര്‍

ലഖ്‌നൗ: ഹാഥ്‌രസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചതായി പൊലീസ്. വീടിന് ചുറ്റുമായി എട്ട് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചതായും ഡിഐജി ശലഭ് മധുര്‍ വ്യക്തമാക്കി. 

ബുല്‍ഗര്‍ഹിയിലുള്ള പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. വനിതാ പൊലീസടക്കം 60 ജീവനക്കാരെ സുരക്ഷയ്ക്കായി നിയോഗിച്ചു. ഇവര്‍ രണ്ട് സംഘങ്ങളായി 12 മണിക്കൂര്‍ മാറി മാറി കാവല്‍ നില്‍ക്കും. നിരീക്ഷണത്തിനായി എട്ട് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് പരിശോധിക്കുന്നതിനായി ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

വീട്ടിലേക്ക് പുറത്ത് നിന്ന് ആരു സന്ദര്‍ശനത്തിന് വന്നാലും പേര് രജിസ്റ്റര്‍ ചെയ്യണം. പേരും മറ്റു വിവരങ്ങളും പൊലീസ് രേഖപ്പെടുത്തുമെന്നും ഹാഥ്‌രസ് എസ്പി വിനീത് ജയ്‌സ്വാള്‍ പറഞ്ഞു. കുടുംബത്തിലെ ഓരോ വ്യക്തിക്കും രണ്ട് വീതം സുരക്ഷാ ജീവനക്കാരുണ്ടാകും. കൂടാതെ അഗ്നിശമന സേനംഗങ്ങളും സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം ജീവനക്കാരേയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. വീടിന്റെ പ്രധാന കവാടത്തില്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഘടിപ്പിച്ചിട്ടുണ്ട്. ദ്രുതകര്‍മ്മ സേനാംഗങ്ങളേയും വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സെപ്റ്റംബര്‍ 14 നാണ് ഹാഥ്‌രസില്‍ ദളിത് പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായത്. തുടര്‍ന്ന് ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. യുവതിയുടെ മൃതദേഹം രാത്രി തന്നെ പൊലീസ് സംസ്‌കരിച്ചത് വിവാദമായിരുന്നു. കേസില്‍ നാല് പേര്‍ അറസ്റ്റിലായിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com