കാത്തിരിക്കുന്നത് 'കോവിഡ് സുനാമി' ; ഓണാഘോഷത്തെ തുടര്‍ന്ന് കേരളത്തില്‍ രോഗപ്പകര്‍ച്ച 750 മടങ്ങായി ; ദുര്‍ഗാപൂജയില്‍ കര്‍ശന നിയന്ത്രണം വേണം ; മമതയ്ക്ക് ഡോക്ടര്‍മാരുടെ കത്ത്

പൂജ പന്തലുകളില്‍ ആളുകള്‍ ഒത്തുകൂടുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊല്‍ക്കത്ത : ദുര്‍ഗാപൂജ ആഘോഷവേളയില്‍ ജനങ്ങള്‍ പരമാവധി പുറത്തിറങ്ങുന്നത് നിയന്ത്രിക്കണമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് ആരോഗ്യ വിദഗ്ധര്‍. അല്ലെങ്കില്‍ പൂജാ ആഘോഷങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് സുനാമി ആയിരിക്കും ഉണ്ടാകുകയെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി. 

ജനങ്ങളെ നിയന്ത്രിച്ചില്ലെങ്കില്‍ സംസ്ഥാനം ഇതുവരെ കാണാത്ത കോവിഡ് കുതിച്ചുചാട്ടത്തിനാകും സാക്ഷ്യം വഹിക്കുകയെന്നും, സംസ്ഥാന ആരോഗ്യവകുപ്പ് ഉപദേശകനും കോവിഡ് വിദഗ്ധ സമിതി അംഗവുമായ ബി ആര്‍ സത്പതി പറഞ്ഞു. ഓണം ആഘോഷങ്ങള്‍ക്ക് ശേഷം  കേരളത്തില്‍ കോവിഡ് വ്യാപനത്തില്‍ ഉണ്ടായ കുതിപ്പും ഡോക്ടര്‍മാര്‍ കത്തില്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്. 

കേരളത്തില്‍ ഓണത്തെ തുടര്‍ന്നും സ്‌പെയിനില്‍ അന്താരാഷ്ട്ര വനിതാ ദിനാചരണത്തെയും, ഫുട്‌ബോള്‍ മല്‍സരത്തെയും തുടര്‍ന്ന് കോവിഡ് വ്യാപനം വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. കോവിഡ് പ്രോട്ടോക്കോള്‍ മറന്ന് ഓണം ആഘോഷിച്ചതിന് കേരളം ഇപ്പോള്‍ ദുഷ്‌കരമായ സാഹചര്യം അഭിമുഖീകരിക്കുകയാണ്. കോവിഡ് രോഗപ്പകര്‍ച്ചാ നിരക്ക് 750 മടങ്ങ് വര്‍ധിച്ചു. കോവിഡ് നിയന്ത്രണാതീതമായതോടെ ഇപ്പോള്‍ കേരളത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഡോക്ടര്‍മാര്‍ കത്തില്‍ സൂചിപ്പിക്കുന്നു. 

മഹാലയ ആഘോഷത്തിനും വിശ്വകര്‍മ പൂജയ്ക്കും ശേഷം പശ്ചിമ ബംഗാളില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചത് നാം കണ്ടതാണ്. ഇത് ഭയപ്പെടുത്തുന്ന സൂചനയാണ്. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ അവസ്ഥ നാം ഓര്‍ക്കേണ്ടതാണ്. പൂജ പന്തലുകളില്‍ ആളുകള്‍ ഒത്തുകൂടുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. വീടുകളില്‍ നിന്ന് പുറത്തുകടക്കുന്ന ആളുകള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഇതിനായി തെരുവുകളില്‍ അടക്കം പൊലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും വിന്യസിക്കണം. വിര്‍ച്വല്‍ പന്തലുകള്‍ ഒരുക്കുന്നത് ആളുകള്‍ പുറത്ത് തടിച്ചുകൂടുന്നത് ഒഴിവാക്കിയേക്കുമെന്നും കത്തില്‍ സൂചിപ്പിക്കുന്നു. 

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ ഗണേശ ചതുര്‍ത്ഥി വളരെ ചെറിയ തോതിലാണ് ആഘോഷിച്ചത്. ഗുജറാത്തില്‍ നവരാത്രിയോട് അനുബന്ധിച്ചുള്ള ഗാര്‍ബ റദ്ദാക്കിയിരിക്കുകയാണ്. നേരത്തെ സംസ്ഥാനത്തും ഈദും മുഹറവും അകത്തളങ്ങളിലാണ് ആഘോഷിച്ചത്. ഈ മാതൃകയില്‍ ദുര്‍ഗാപൂജ ആഘോഷങ്ങളും കര്‍ശനമായി നിയന്ത്രിക്കണം. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ മറന്ന് ദുര്‍ഗപൂജ ആഘോഷിച്ചാല്‍ ആത്മഹത്യാപരമായിരിക്കുമെന്നും, കോവിഡ് സുനാമിയായിരിക്കും ഫലമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com