കോവിഡ് മാനദണ്ഡങ്ങള്‍ വീണ്ടും ലംഘിച്ചു; ജനക്കൂട്ടത്തിനൊപ്പം ആടിയും പാടിയും ബിജെപി വനിതാ എംപിയുടെ ജന്‍മദിനാഘോഷം (വീഡിയോ)

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ബിജെപി ദേശീയ വക്താവും ഭുവനേശ്വര്‍ എംപിയുമായ അപരാജിത സാരംഗിയുടെ ജന്‍മദിനാഘോഷം.
കോവിഡ് മാനദണ്ഡങ്ങള്‍ വീണ്ടും ലംഘിച്ചു; ജനക്കൂട്ടത്തിനൊപ്പം ആടിയും പാടിയും ബിജെപി വനിതാ എംപിയുടെ ജന്‍മദിനാഘോഷം (വീഡിയോ)


ഭുവനേശ്വര്‍: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ബിജെപി ദേശീയ വക്താവും ഭുവനേശ്വര്‍ എംപിയുമായ അപരാജിത സാരംഗിയുടെ ജന്‍മദിനാഘോഷം. മുഖാവരണം ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നിരവധിപേര്‍ അപരാജിതയ്ക്ക് ചുറ്റും നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

ബിജെപി എംപിയുടെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റത്തിന് എതിരെ ഒഡീഷ സര്‍ക്കാര്‍ രംഗത്തെത്തി. അപരാജിത കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്ക് അയച്ച കത്തില്‍ ഒഡീഷ ആഭ്യന്തര മന്ത്രി ഡി എസ് മിശ്ര ആരോപിച്ചു. മുഖാവരണം ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നൂറോളം സ്ത്രീകള്‍ അപരാജിത സാരംഗിക്ക് ചുറ്റും നില്‍ക്കുന്നതായി വീഡിയോയില്‍ ദൃശ്യമാണെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. 

എന്നാല്‍ ആരോപണങ്ങള്‍ തള്ളി അപരാജിത രംഗത്തെത്തി. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ലെന്നാണ് എംപിയുടെ അവകാശവാദം. 'എന്റെ ജന്മദിനത്തോടനുബന്ധിച്ച്, ഡി എസ്  മിശ്ര എനിക്ക് ജന്മദിനാശംസകള്‍ അയയ്ക്കുമെന്ന് ഞാന്‍ കരുതി. പക്ഷേ അദ്ദേഹം എന്നെക്കുറിച്ച് കത്തെഴുതി.' - അവര്‍ പറഞ്ഞു. 

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അപരാജിത സാരംഗി ലംഘിക്കുന്നത് ഇതാദ്യമല്ല. നേരത്തെ, സാമൂഹിക അകലം പാലിക്കാതെ പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഇവര്‍ക്ക് പിഴയും ചുമത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com