തട്ടിക്കൊണ്ടുപോകൽ നാടകം സൃഷ്ടിച്ച് അച്ഛനിൽ നിന്ന് പത്ത് ലക്ഷം തട്ടാൻ 14കാരന്റെ ശ്രമം! പ്രചോദനം സിനിമ; അമ്പരന്ന് പൊലീസ്

തട്ടിക്കൊണ്ടുപോകൽ നാടകം സൃഷ്ടിച്ച് അച്ഛനിൽ നിന്ന് പത്ത് ലക്ഷം തട്ടാൻ 14കാരന്റെ ശ്രമം! പ്രചോദനം സിനിമ; അമ്പരന്ന് പൊലീസ്
തട്ടിക്കൊണ്ടുപോകൽ നാടകം സൃഷ്ടിച്ച് അച്ഛനിൽ നിന്ന് പത്ത് ലക്ഷം തട്ടാൻ 14കാരന്റെ ശ്രമം! പ്രചോദനം സിനിമ; അമ്പരന്ന് പൊലീസ്

ചെന്നൈ: വ്യാജ തട്ടിക്കൊണ്ടുപോകൽ കഥയിലൂടെ പിതാവിൽ നിന്ന് പണം അപഹരിക്കാൻ 14കാരന്റെ ശ്രമം. പത്ത് ലക്ഷം രൂപ സ്വന്തമാക്കാനായി ചെന്നൈയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് തട്ടിക്കൊണ്ടുപോകൽ നാടകം കളിച്ചത്. ഒടുവിൽ പിതാവ് പരാതി നൽകിയതോടെ 14കാരന്റെ നാടകം പൊലീസ് തന്നെ പൊളിച്ചടുക്കി.

വീട്ടിൽ നിന്ന് ട്യൂഷൻ ക്ലാസിലേക്ക് പോയ 14-കാരനാണ് തന്നെ തട്ടിക്കൊണ്ടുപോയെന്നും വിട്ടയക്കണമെങ്കിൽ അവർക്ക് 10 ലക്ഷം രൂപ നൽകണമെന്നും പിതാവിനെ ഫോണിൽ വിളിച്ചറിയിച്ചത്. ഇത് കേട്ടതോടെ ഓട്ടോമൊബൈൽ ആക്സസറീസ് കട നടത്തുന്ന പിതാവ് പരിഭ്രാന്തനായി. മറ്റൊന്നും ചിന്തിക്കാതെ കട പൂട്ടി ഉടൻ തന്നെ ചെന്നൈ ട്രിപ്ലിക്കേനിലെ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി.

കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി ലഭിച്ചതോടെ നഗരത്തിലെ പോലീസ് സംഘം ഊർജ്ജിതമായ അന്വേഷണത്തിനിറങ്ങി. കുട്ടിയുടെ കൈയിലുള്ള മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ കണ്ടെത്തി സ്ഥലം കണ്ടുപിടിക്കാനായിരുന്നു ആദ്യ ശ്രമം. ചെപ്പോക്കിലാണ് മൊബൈൽ ലൊക്കേഷനെന്ന് മനസിലായതോടെ പൊലീസ് സംഘം അങ്ങോട്ടേക്ക് കുതിച്ചു.

ഒരു ഏറ്റുമുട്ടലും അക്രമവും പ്രതീക്ഷിച്ച് പോയ പൊലീസുകാർ പക്ഷേ, റെയിൽവേ സ്റ്റേഷന് സമീപം കൂളായി നിൽക്കുന്ന കുട്ടിയെയാണ് കണ്ടത്. ഇതോടെ തട്ടിക്കൊണ്ടുപോകൽ പരാതി കള്ളത്തരമാണെന്ന് പൊലീസിന് പിടികിട്ടി. എന്നാൽ പൊലീസ് ചോദിച്ചപ്പോഴെല്ലാം തന്നെ അജ്ഞാതർ തട്ടിക്കൊണ്ടുപോയെന്ന കഥ കുട്ടി ആവർത്തിക്കുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് സംഭവത്തിൽ വ്യക്തത വരുത്തിയത്.

14-കാരനും സുഹൃത്തും ഒരു ഒട്ടോറിക്ഷയിൽ ചെപ്പോക്കിൽ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് സിസിടിവിയിൽ നിന്ന് ലഭിച്ചത്. ഓട്ടോ ഡ്രൈവറെ കണ്ടെത്തി ചോദ്യം ചെയ്തതോടെ കൂടുതൽ വിവരങ്ങൾ ലഭിച്ചു. ട്യൂഷൻ സെന്ററിൽ നിന്ന് 14-കാരനും സുഹൃത്തും ഓൺലൈൻ വഴി ഓട്ടം വിളിച്ചെന്നും ചെപ്പോക്കിലേക്കാണ് ഓട്ടം വന്നതെന്നും ഡ്രൈവർ മൊഴി നൽകി.

ഇതോടെ പിതാവിൽ നിന്ന് പണം സ്വന്തമാക്കാനാണ് തട്ടിക്കൊണ്ടുപോയെന്ന കഥ മെനഞ്ഞതെന്നും ഒരു തമിഴ് സിനിമയാണ് ഇതിന് പ്രചോദനമായതെന്നും കുട്ടി വെളിപ്പെടുത്തിയത്. ഒടുവിൽ ഇനി ഇത്തരം പ്രവർത്തികൾ ആവർത്തിക്കരുതെന്ന താക്കീത് നൽകി 14-കാരനെ പൊലീസ് പിതാവിനൊപ്പം വിട്ടയക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com