സ്ത്രീകള്‍ക്കെതിരായ അതിക്രമം : പരാതി കിട്ടിയാലുടന്‍ കേസെടുക്കണം, രണ്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം ; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്

ഏതെങ്കിലും ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയാല്‍ അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശം
സ്ത്രീകള്‍ക്കെതിരായ അതിക്രമം : പരാതി കിട്ടിയാലുടന്‍ കേസെടുക്കണം, രണ്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം ; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്

ന്യൂഡല്‍ഹി : സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പരാതി കിട്ടിയാലുടന്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പരാതിയിന്മേല്‍ രണ്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. 

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ രൂപീകരിച്ചിട്ടുള്ള നിയമങ്ങള്‍ ക്രോഡീകരിച്ചുകൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ചിട്ടുള്ളത്. പീഡനശ്രമം അടക്കം സ്ത്രീകള്‍ക്കെതിരായ ഏതെങ്കിലും തരത്തിലുള്ള പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. ഇതില്‍ യാതൊരു തരത്തിലുള്ള വീഴചയും വരുത്താന്‍ പാടുള്ളതല്ല.

ഏതെങ്കിലും ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയാല്‍ അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. ഇരകളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം. ഇത്തരം കേസുകളില്‍ അന്വേഷണത്തിന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ സഹായം വേണമെങ്കില്‍, അതിനായി സജ്ജമാക്കിയ പോര്‍ട്ടല്‍ (ഐടിഎസ്എസ്ഒ) വഴി സഹായം തേടാവുന്നതാണ്.

മറ്റു സംസ്ഥാന പൊലീസിന്റെ സഹായം വേണമെങ്കില്‍ അതും തേടാവുന്നതാണ്. തെളിവു ശേഖരണത്തില്‍ കൃത്യവും ശാസ്ത്രീയവുമായ മാനദണ്ഡങ്ങള്‍ പാലിക്കണം. അന്വേഷണ ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം പ്രതികള്‍ രക്ഷപ്പെടുന്ന അവസ്ഥ ഉണ്ടാകരുത്. നിയമത്തിന്റെ പഴുതുകളിലൂടെ പ്രതി രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണം. 

വിവരം ലഭിച്ചാല്‍ 24 മണിക്കൂറിനകം ഇരകളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയും മെഡിക്കല്‍ റിപ്പോര്‍ട്ട് തേടേണ്ടതുമാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമ പരാതികളിലെ നടപടികള്‍ സമയബന്ധിതമായി നടപ്പാക്കുന്നുണ്ടെന്ന് മേലധികാരികള്‍ ഉറപ്പുവരുത്തേണ്ടതാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്തില്‍ വ്യക്തമാക്കുന്നു. ഹാഥ്‌രസ് പീഡനവുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രം കടുത്ത നിലപാടുമായി രംഗത്തെത്തിയത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com