എക്സ്പ്രസ്, മെയിൽ ട്രെയിനുകളിൽ ഇനി സ്ലീപ്പർ കോച്ചുകളുണ്ടാകില്ല; മുഴുവൻ എസിയാകും, വേ​ഗവും കൂടും

എക്സ്പ്രസ്, മെയിൽ ട്രെയിനുകളിൽ ഇനി സ്ലീപ്പർ കോച്ചുകളുണ്ടാകില്ല; മുഴുവൻ എസിയാകും, വേ​ഗവും കൂടും
എക്സ്പ്രസ്, മെയിൽ ട്രെയിനുകളിൽ ഇനി സ്ലീപ്പർ കോച്ചുകളുണ്ടാകില്ല; മുഴുവൻ എസിയാകും, വേ​ഗവും കൂടും

ന്യൂഡൽഹി: എക്സ്പ്രസ്, മെയിൽ ട്രെയിനുകളിൽ ഭാവിയിൽ സ്ലീപ്പർ കോച്ചുകളുണ്ടാകില്ലെന്നു റെയിൽവേ. സ്ലീപ്പർ കോച്ചുകൾ ഘട്ടം ഘട്ടമായി ഒഴിവാക്കി മുഴുവൻ എസി കോച്ചുകളുള്ള ട്രെയിനുകളോടിക്കുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വികെ യാദവ് ആണ് വ്യക്തമാക്കിയത്. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

സ്ലീപ്പറിൽ 72 ബെർത്തുകളാണെങ്കിൽ പുതിയ എസി ടൂറിസ്റ്റ് ക്ലാസിൽ 83 ബെർത്തുകളുണ്ടാകും. ബെർത്തുകളുടെ എണ്ണം വർധിക്കുന്നതിനാൽ നിരക്കുകൾ കാര്യമായി കൂടില്ലെന്നും തേഡ് എസിക്കും സ്ലീപ്പറിനുമിടിയിലായിരിക്കും പുതിയ ക്ലാസിലെ നിരക്കെന്നും അദ്ദേഹം പറഞ്ഞു. പാസഞ്ചർ ട്രെയിനുകളിൽ തുടർന്നും സ്ലീപ്പർ കോച്ചുകളും ജനറൽ കോച്ചുകളുമുണ്ടാകും. മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ വേഗം 2023ൽ മണിക്കൂറിൽ 130 കിലോമീറ്ററും 2025ൽ 160 കിലോമീറ്ററുമായി ഉയർത്തുന്നതിന്റെ ഭാഗമായാണു പുതിയ നടപടി. 

1900 മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകൾ ഘട്ടം ഘട്ടമായി എസി കോച്ചുകളാക്കി മാറ്റും. വന്ദേഭാരത് എക്സ്പ്രസിനേക്കാൾ ഇന്ധന ക്ഷമത കൂടിയ അലൂമിനിയം കോച്ചുകൾ ഉപയോഗിച്ചുളള പുതിയ ട്രെയിൻ സെറ്റുകൾ റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയിൽ നിർമാണത്തിലുണ്ടെന്നും 2022ൽ ഇവ പുറത്തിറക്കുമെന്നും ചെയർമാൻ പറഞ്ഞു. 280 സ്ലീപ്പർ കോച്ചുകൾ എസി കോച്ചുകളാക്കി മാറ്റുന്ന പണികൾ കപൂർത്തല കോച്ച് ഫാക്ടറിയിൽ പുരോഗമിക്കുകയാണ്. 2.83 കോടി രൂപയാണു ഒരു കോച്ച് എസിയാക്കാൻ ചെലവ്.

അതേസമയം പൂർണമായും എസി കോച്ചുകളോടിക്കാനുള്ള തീരുമാനം കേരളത്തിലോടുന്ന ട്രെയിനുകളെ ബാധിക്കില്ലെന്നു ദക്ഷിണ റെയിൽവേ അധികൃതർ പറഞ്ഞു. മണിക്കൂറിൽ 130 കിലോമീറ്റർ വേഗം സാധ്യമാകുന്ന പാതകൾ കേരളത്തിൽ ഇല്ല. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം ഷൊർണൂർ–എറണാകുളം പാതയിലെ വേഗം 80 കിലോമീറ്റർ മാത്രമാണ്. വളവുകൾ കുറഞ്ഞ പുതിയ പാത നിർമിക്കുകയല്ലാതെ വേഗം കൂട്ടാൻ കഴിയില്ല. കോട്ടയം റൂട്ടിലും വേഗം കൂട്ടൽ എളുപ്പമല്ലെന്നിരിക്കെ കേരളത്തിലോടുന്ന ട്രെയിനുകളിൽ തുടർന്നും സ്ലീപ്പർ, ജനറൽ കോച്ചുകളുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com