ക്ഷേത്രഭൂമിയെ ചൊല്ലി തര്‍ക്കം; ഉത്തര്‍പ്രദേശില്‍ പൂജാരിക്ക് വെടിയേറ്റു

രണ്ട് പേരെ പൊലീസ് അറസ്റ്റുചെയ്തു. രണ്ട് പേര്‍ ഒളിവിലാണ്‌ 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ:  ഉത്തര്‍പ്രദേശില്‍ പൂജാരിക്ക് വെടിയേറ്റു. ഭൂമി സംബന്ധമായ തര്‍ക്കമാണ് വെടിവെപ്പിന് കാരണമായത്. ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഗോണ്‍ഡ ജില്ലയിലെ കോട്ട്‌വാളി പ്രദേശത്തെ രാം ജാനകി ക്ഷേത്രത്തിലെ പൂജാരിയായ സമ്രാട്ട് ദാസിനാണ് വെടിയേറ്റത്.  സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ട് പേരെ അറസ്റ്റ് ചെയ്തു. മറ്റു രണ്ട് പേര്‍ സംഭവ സ്ഥലത്ത് നിന്ന് ഓടിപ്പോയി. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

 മനോരമ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് ഏക്കറു കണക്കിന് ഭൂമിയുണ്ട്. ഈ ഭൂമിയുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇതായിരിക്കും സംഭവത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് നിഗമനം. ഭൂമിയെ ചൊല്ലി പൂജാരിയും ആക്രമികളും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി എസ്.പി ശൈലേഷ് കുമാര്‍ പാണ്ഡേ വ്യക്തമാക്കി. ഇതേ ക്ഷേത്രത്തിലെ മറ്റൊരു പൂജാരി കഴിഞ്ഞ വര്‍ഷം ആക്രമണത്തിന് ഇരയായിരുന്നു. ഈ സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്. 

പൂജാരിയുടെ ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് ലക്‌നൗവിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com