ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറെ ജവാന്‍ വെടിവെച്ചു കൊന്നു, ആകാശത്തേയ്ക്ക് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; ഒളിവില്‍, ഡ്രോണ്‍ ഉപയോഗിച്ച് തെരച്ചില്‍

മധ്യപ്രദേശില്‍ കരസേനയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറെ ജവാന്‍ വെടിവെച്ചു കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: മധ്യപ്രദേശില്‍ കരസേനയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറെ ജവാന്‍ വെടിവെച്ചു കൊന്നു. ഇരുവരും തമ്മിലുളള തര്‍ക്കമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് തന്നെ ആരും പിടികൂടാതിരിക്കാന്‍ ആകാശത്തേയ്ക്ക് വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ജവാന്‍ ഒളിവില്‍ പോയി. ഡ്രോണിന്റെ സഹായത്തോടെ ജവാനെ പിടികൂടാനുളള ശ്രമം തുടരുന്നു.

ഭോപ്പാലില്‍ നിന്ന് 462 കിലോമീറ്റര്‍ അകലെ കട്‌നിയിലെ ഓര്‍ഡനന്‍സ് ഫാക്ടറിയിലാണ് സംഭവം. 45 വയസുളള അശോക് ശിക്കാരയെയാണ് ജവാന്‍ സക്കര്‍ സിങ് വെടിവെച്ച് കൊന്നത്. അഞ്ചു തവണ ആകാശത്തേയ്ക്ക് വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം സ്ഥലത്ത് നിന്ന് ജവാന്‍ കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു. 

മറ്റൊരാളും പിടികൂടാതിരിക്കാനാണ് ആകാശത്തേയ്ക്ക് വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. റൈഫിളും ഒന്നിലധികം വെടിത്തിരകളുമായാണ് രക്ഷപ്പെട്ടത്. ഫാക്ടറി പരിസരത്ത് തന്നെ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ഫാക്ടറി പൂട്ടി പ്രദേശത്ത് മുഴുവന്‍ തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. 

ശനിയാഴ്ചയാണ് സംഭവം. പരേഡിനിടെ ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായതായി പൊലീസ് പറയുന്നു.ഇതില്‍ പ്രകോപിതനായ ജവാന്‍ നാലു തവണ നിറയൊഴിച്ചതായി മാധവ് നഗര്‍ പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com