ശൈത്യകാലത്ത് രോഗവ്യാപനത്തിന് സാധ്യത, വിശ്വാസം തെളിയിക്കാന്‍ ഉത്സവങ്ങള്‍ ആഡംബരമാക്കണമെന്ന് ഒരു ദൈവവും മതവും പറയുന്നില്ല: മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി

ഉത്സവ സീസണ്‍ അടുത്ത പശ്ചാത്തലത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ അവഗണിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
ശൈത്യകാലത്ത് രോഗവ്യാപനത്തിന് സാധ്യത, വിശ്വാസം തെളിയിക്കാന്‍ ഉത്സവങ്ങള്‍ ആഡംബരമാക്കണമെന്ന് ഒരു ദൈവവും മതവും പറയുന്നില്ല: മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ഉത്സവ സീസണ്‍ അടുത്ത പശ്ചാത്തലത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ അവഗണിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വിശ്വാസം തെളിയിക്കാന്‍ വന്‍തോതില്‍ ആളുകള്‍ കൂട്ടംചേര്‍ന്നും ആഡംബരമായും ഉത്സവങ്ങള്‍ ആഘോഷിക്കണമെന്ന് ഒരു ദൈവവും മതവും ആവശ്യപ്പെടുന്നില്ലെന്ന് കേന്ദ്രമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ഓര്‍മ്മിപ്പിച്ചു. മന്ത്രി തന്റെ പ്രതിവാര പരിപാടിയായ സണ്‍ഡേ സംവാദിലാണ് ഇക്കാര്യം പറഞ്ഞത്.

ഉത്സവങ്ങള്‍ ആഘോഷിക്കുന്നത് സംബന്ധിച്ച് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടും അവ പാലിക്കുന്നതില്‍ വീഴ്ചസംഭവിക്കുന്നത് കോവിഡ് കേസുകളില്‍ വലിയ വര്‍ധനയുണ്ടാക്കുമെന്ന് ആശങ്കയുയര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു. വലിയ ആള്‍ക്കൂട്ടത്തില്‍ പങ്കെടുക്കാതെ വീട്ടില്‍ ഇരുന്ന് കൊണ്ട്‌ തന്നെ കുടുംബത്തോടൊപ്പം ഉത്സവങ്ങള്‍ ആഘോഷിക്കാന്‍ ഹര്‍ഷവര്‍ധന്‍ ആവശ്യപ്പെട്ടു.

ശ്വാസകോശസംബന്ധമായ അസുഖമാണ് കോവിഡ്. വരുന്ന ശൈത്യകാലത്ത് അണുബാധ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ആഡംബരമായ ആഘോഷങ്ങള്‍ ഒഴിവാക്കി വീടുകളില്‍ ഇരുന്ന് കൊണ്ട് തന്നെ ഉത്സവങ്ങള്‍ ആഘോഷിക്കാന്‍ തയ്യാറാവണം. വിശ്വാസം തെളിയിക്കാന്‍ വന്‍തോതില്‍ ആളുകള്‍ കൂട്ടംചേര്‍ന്നും ആഡംബരമായും ഉത്സവങ്ങള്‍ ആഘോഷിക്കണമെന്ന് ഒരു ദൈവവും മതവും ആവശ്യപ്പെടുന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഈര്‍പ്പം കുറവുളള സമയവും ശൈത്യകാലവുമാണ് കൊറോണ വൈറസിന് ഏറെ അനുകൂലമായ സാഹചര്യം. ഇന്ത്യന്‍ സാഹചര്യത്തില്‍ ശൈത്യകാലത്ത് കോവിഡ് കേസുകള്‍ ഉയരുമെന്നുളള അനുമാനത്തില്‍ തെറ്റുപറയാന്‍ സാധിക്കില്ല. ശൈത്യകാലത്ത് ബ്രിട്ടണില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ദുര്‍ഗാപൂജയും ദീപാവലിയും അടുത്തുവരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ മുന്നറിയിപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com