നടി ഖുശ്ബു കോൺ​ഗ്രസ് വിട്ടേക്കും; ഇന്ന് ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹം

ഡല്‍ഹിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയില്‍ നിന്നാകും ഖുഷ്ബു  മെമ്പര്‍ഷിപ്പ് സ്വീകരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍
നടി ഖുശ്ബു കോൺ​ഗ്രസ് വിട്ടേക്കും; ഇന്ന് ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹം

ചെന്നൈ; നടി ഖുശ്ബു കോൺ​ഗ്രസ് വക്താവുമായ ഖുശ്ബു പാർട്ടി വിടാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. തിങ്കളാഴ്ച ഖുശ്ബു ബിജെപിയിൽ ചേർന്നേക്കുമെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ എല്‍ മുരുഗനൊപ്പം ഡൽഹിയിൽ എത്തിയ ഖുശ്ബു ബിജെപി കേന്ദ്ര നേതാക്കളെ കണ്ട്  പാര്‍ട്ടിയില്‍ ചേരുന്ന കാര്യത്തില്‍ തീരുമാനത്തിലെത്തിയെന്നാണ് വിവരം. 

ഡല്‍ഹിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയില്‍ നിന്നാകും ഖുഷ്ബു  മെമ്പര്‍ഷിപ്പ് സ്വീകരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.അടുത്തിടെയായി കോണ്‍ഗ്രസ് തമിഴ്‌നാട് ഘടകവുമായി അവര്‍ അകന്ന് കഴിയുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തത് സംബന്ധിച്ചും ഖുഷ്ബുവിന് അതൃപ്തിയുണ്ടായിരുന്നു. 

ഖുശ്ബുവിന്റെ ട്വീറ്റും വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറ്റവും സംശയം ബലപ്പെടുത്തുന്നു. ബിജെപിയില്‍ ചേരുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് തനിക്കൊന്നുമറിയില്ലെന്നാണ് ഖുശ്ബു ഉത്തരം നല്‍കിയത്. കഴിഞ്ഞ ദിവസം പാര്‍ട്ടി വിടുന്ന കാര്യം സൂചിപ്പിച്ച് ഒരു ട്വീറ്റ് ചെയ്തിരുന്നു. പലരും എന്നില്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു. ധാരണകള്‍ മാറുകയാണ്. ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും പുതിയ രൂപം എടുക്കുകയാണ്. മാറ്റം അനിവാര്യമാണെന്നും ഖുഷ്ബു ട്വീറ്റില്‍ കുറിച്ചു. അതിന് പിന്നാലെയാണ് താരം ഡൽഹിയിലേക്ക് തിരിച്ചത്. 

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ നയത്തെ പിന്തുണച്ച് മുതലാണ് വക്താവ് ഖുശ്ബു കോണ്‍ഗ്രസുമായി അകലുന്നത്. വിദ്യാഭ്യാസ നയത്തെ പിന്തുണച്ച ഖുശ്ബു, ഇക്കാര്യത്തില്‍ തന്റെ നിലപാട് കോണ്‍ഗ്രസില്‍ നിന്ന് വ്യത്യസ്തമാണെന്നും രാഹുല്‍ഗാന്ധി ക്ഷമിക്കണമെന്നും പറഞ്ഞിരുന്നു. തനിക്ക് തന്റേതായ അഭിപ്രായമുണ്ടെന്നും തലയാട്ടുന്ന റോബോട്ടോ കളിപ്പാവയോ അല്ലെന്നും ഖുശ്ബു അന്ന് വ്യക്തമാക്കി. എന്നാല്‍, ഖുശ്ബുവിന്റെ പാര്‍ട്ടി മാറ്റം സംബന്ധിച്ച് കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗിക പ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല. 2014ലാണ് ഖുശ്ബു ഡിഎംകെ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അടുത്ത വര്‍ഷം തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് പാര്‍ട്ടി മാറ്റമെന്നും സൂചനയുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com