'നിങ്ങളുടെ മകളായിരുന്നെങ്കില്‍ ഇത് പോലെ സംസ്‌കരിക്കുമായിരുന്നോ?'; യുപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

മരിച്ച പെണ്‍കുട്ടി ഒരു സമ്പന്നന്റെ മകളായിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യുമായിരുന്നോ?.  ഈ നടപടി അംഗീകരിക്കാനാവില്ലെന്നും അലഹബാദ് ഹൈക്കോടതി
'നിങ്ങളുടെ മകളായിരുന്നെങ്കില്‍ ഇത് പോലെ സംസ്‌കരിക്കുമായിരുന്നോ?'; യുപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

അലഹബാദ്: ഹാഥ്‌രസ് സംഭവത്തില്‍ യുപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. നിങ്ങളുടെ മകളുടെ മൃതദേഹം ഇതുപോലെ സംസ്‌കരിക്കുമോയെന്നും കോടതി ചോദിച്ചു. ഇന്ന് അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചില്‍ ഹാഥ് രസ് പെണ്‍കുട്ടിയുടെ കുടുംബം നേരിട്ട് ഹാജരായി മൊഴി നല്‍കിയിരുന്നു.

ഏത് സാഹചര്യത്തിലാണ് രാത്രി മൃതദേഹം സംസ്‌കരിച്ചതെന്ന് കോടതി ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോള്‍ അസാധാരണ സാഹചര്യത്തിലാണ് അത്തരമൊരു തീരമാനമെടുത്തത് എന്നായിരുന്നു കോടതിയെ അറിയിച്ചത്. അപ്പോഴാണ് സര്‍ക്കാരിനെതിരെ കോടതി രൂക്ഷമ വിമര്‍ശനം നടത്തിയത്. നിങ്ങളുടെ മകളുടെ മൃതദേഹം ഇതുപോലെ സംസ്‌കരിക്കുമോയെന്നും മരിച്ച പെണ്‍കുട്ടി ഒരു സമ്പന്നന്റെ മകളായിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യുമായിരുന്നോയെന്നും കോടതി ചോദിച്ചു. പൊലീസിന്റെ നടപടിയോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

മൃതദേഹം തങ്ങളുടെ അനുമതിയില്ലാതെ പൊലീസ് സംസ്‌കരിക്കുകയായിരുന്നെന്ന് കുടുംബം കോടതിയെ അറിയിച്ചു. ജില്ലാ കലക്ടര്‍ ഇതിനായി സമ്മര്‍ദം ചെലുത്തി. സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ പൊലീസ് തങ്ങളെ അനുവദിച്ചില്ലെന്ന് അവര്‍ കോടതിയെ അറിയിച്ചു.

ഉത്തര്‍പ്രദേശ് ഡിജിപി, ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി, ജില്ലാ കലക്ടര്‍, എസ്പി എന്നിവരുടെ സാന്നിധ്യത്തിലാണ് കുടുംബം കോടതിയില്‍ മൊഴി നല്‍കിയത്. രാത്രിയില്‍ സംസ്‌കാരം നടത്തിയതിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നതായി ജില്ലാ കലക്ടര്‍ കോടതിയെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ഡിജിപി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ മൊഴിയും കോടതി രേഖപ്പെടുത്തി. കേസ് വീണ്ടും നവംബര്‍ രണ്ടിനു പരിഗണിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com