നിയന്ത്രണരേഖയിലേക്ക് സേനാനീക്കം ഇനി അതിവേഗം; തന്ത്രപ്രധാനമായ 44 പാലങ്ങള്‍ തുറന്നു, പത്തെണ്ണം കശ്മീരില്‍- ചിത്രങ്ങള്‍

അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം തുടരവേ, യഥാര്‍ഥ നിയന്ത്രണരേഖയിലേക്ക് സേനാനീക്കം വേഗത്തിലാക്കാന്‍ സഹായിക്കുന്ന 44 തന്ത്രപ്രധാന പാലങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു
നിയന്ത്രണരേഖയിലേക്ക് സേനാനീക്കം ഇനി അതിവേഗം; തന്ത്രപ്രധാനമായ 44 പാലങ്ങള്‍ തുറന്നു, പത്തെണ്ണം കശ്മീരില്‍- ചിത്രങ്ങള്‍

ന്യൂഡല്‍ഹി:അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം തുടരവേ, യഥാര്‍ഥ നിയന്ത്രണരേഖയിലേക്ക് സേനാനീക്കം വേഗത്തിലാക്കാന്‍ സഹായിക്കുന്ന 44 തന്ത്രപ്രധാന പാലങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചൈനയുടെയും പാകിസ്ഥാന്റെയും കൂട്ടായ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തിയിലേക്ക് റോഡ് കണക്ടിവിറ്റി മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം പാലങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് കൊണ്ട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വിശദീകരിച്ചു.

ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ നിര്‍മ്മിച്ച പാലങ്ങളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. സംഘര്‍ഷം നിലനില്‍ക്കുന്ന യഥാര്‍ത്ഥ നിയന്ത്രണരേഖയിലേക്ക് സേനാനീക്കം വേഗത്തിലാക്കാന്‍ ഈ തന്ത്രപ്രധാന പാലങ്ങള്‍ വഴി സാധിക്കും. 44 പാലങ്ങളില്‍ പത്തെണ്ണം ജമ്മു കശ്മീരിലാണ്. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലേക്കുളള റോഡ് ഗതാഗതം മെച്ചപ്പെടുത്താന്‍ ഇത് വഴി സാധിക്കും. 

'വടക്ക്, കിഴക്കന്‍ അതിര്‍ത്തികളിലെ സ്ഥിതിയെ കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആദ്യം പാകിസ്ഥാന്‍. ഇപ്പോള്‍ ചൈന.ചൈനയും പാകിസ്ഥാനും ചേര്‍ന്ന് അതിര്‍ത്തിയില്‍ ഭീഷണി സൃഷ്ടിക്കുകയാണ്. ഈ രണ്ടു രാജ്യങ്ങളുമായി 7000 കിലോമീറ്റര്‍ ദൂരമാണ് ഇന്ത്യ അതിര്‍ത്തി പങ്കിടുന്നത്. ഇരു രാജ്യങ്ങളുടെയും കൂട്ടായ ഭീഷണി നേരിടുമ്പോള്‍ റോഡ് കണ്ക്ടിവിറ്റി മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഈ പാലങ്ങളുടെ നിര്‍മ്മാണത്തിലൂടെ വ്യക്തമാണ്'- രാജ്‌നാഥ് സിങ് പറഞ്ഞു.  

ഉത്തരാഖണ്ഡ്, അരുണാചല്‍ സംസ്ഥാനങ്ങളില്‍ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ എട്ടു പുതിയ പാലങ്ങളാണ് വന്നത്. സിക്കിമിലാണ് നാലുപാലങ്ങള്‍. ഹിമാചല്‍ പ്രദേശില്‍ രണ്ടു പാലങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമായി. തന്ത്രപ്രധാനമായ അടല്‍ ടണല്‍ ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് 44 പാലങ്ങള്‍ കൂടി തുറന്നുകൊടുക്കുന്നത്. നിയന്ത്രണരേഖയ്ക്ക് സമീപമുളള ദൗലത് ബെഗ് ഓള്‍ഡിയിലേക്കുളള തന്ത്രപ്രധാനമായ റോഡിന്റെ നിര്‍മ്മാണം ശൈത്യകാലത്തിന് മുന്‍പ് ഈ മാസം അവസാനം പൂര്‍ത്തിയാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com