മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ സൈറബാനു ബിജെപിയില്‍

മുസ്ലിം സ്ത്രീകളോടുള്ള ബിജെപിയുടെ പുരോഗമനപരമായ സമീപനത്തില്‍ ആകൃഷ്ടയായാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് സൈറ ബാനു
മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ സൈറബാനു ബിജെപിയില്‍

ന്യൂഡല്‍ഹി : മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തിയ മുസ്ലിം വനിത സൈറ ബാനു ബിജെപിയില്‍ ചേര്‍ന്നു. ഡെറാഡൂണില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ബന്‍സിധാര്‍ ബഗട്ടിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് സൈറ ബാനു ബിജെപി അംഗത്വം സ്വീകരിച്ചത്. 

മുസ്ലിം സ്ത്രീകളോടുള്ള ബിജെപിയുടെ പുരോഗമനപരമായ സമീപനത്തില്‍ ആകൃഷ്ടയായാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് 38 കാരിയായ സൈറ ബാനു അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുക ലക്ഷ്യമിട്ടല്ല ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ പാര്‍ട്ടി ടിക്കറ്റ് തന്നാല്‍ നിഷേധിക്കില്ല. പാര്‍ട്ടി പറയുന്നത് അനുസരിക്കുമെന്നും സൈറ ബാനു പറഞ്ഞു. 

ഉത്തരാഖണ്ഡിലെ ഉദംസിങ് നഗര്‍ നിവാസിയാണ് സൈറബാനു. മുസ്ലിം സമുദായത്തിലെ നൂറ്റാണ്ടുകള്‍ നീണ്ട അനാചാരത്തിനെതിരെ ധൈര്യപൂര്‍വം പോരാടിയ വനിത ബിജെപിയിലെത്തിയത്, പാര്‍ട്ടിയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബന്‍സിധാര്‍ ബഗട്ട് പറഞ്ഞു. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സൈറ ബാനു ബിജെപിക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയേക്കുമെന്നാണ് സൂചന. 

2016 ലാണ് മുത്തലാഖിനെതിരെ സൈറ ബാനു സുപ്രീംകോടതിയെ സമീപിച്ചത്. 2015 ഒക്ടോബര്‍ 15 ന് സൈറയെ ഭര്‍ത്താവ് റിസ്‌വാന്‍ അഹമ്മദ് ഫോണിലൂടെ തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു നിയമപോരാട്ടത്തിന് ഇറങ്ങിയത്. മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടു. ഇതിനു പിന്നാലെ മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി കേന്ദ്രസർക്കാർ നിയമവും പാസ്സാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com