'സംഘികള്‍ മങ്കികളെപ്പോലെ'; ഖുശ്ബുവിന്റെ പഴയ ട്വീറ്റുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

'സംഘികള്‍ മങ്കികളെപ്പോലയാണ് പെരുമാറുന്നത്' എന്ന  ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് 
'സംഘികള്‍ മങ്കികളെപ്പോലെ'; ഖുശ്ബുവിന്റെ പഴയ ട്വീറ്റുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ചെന്നൈ: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ നടി ഖുശ്ബുവിന്റെ പഴയ ട്വീറ്റുകള്‍ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ. മുന്‍പ് ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രൂക്ഷമായ രീതിയിലാണ് നടി വിമര്‍ശിച്ചത്. 

'സംഘികള്‍ മങ്കികളെപ്പോലയാണ് പെരുമാറുന്നത്' എന്ന  ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് വൈറലാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് വരെ കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും വിമര്‍ശിച്ച് താരം ട്വീറ്റ് ചെയ്തിരുന്നു. സമീപദിവസം കര്‍ഷക റാലിയില്‍ മോദിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം വരെ ഖുശ്ബു പങ്കുവച്ചിരുന്നു. 

ബിജെപി ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി സിടി രവിയില്‍ നിന്നാണ് ഖുശ്ബു അംഗത്വം സ്വീകരിച്ചത്. അതിന് ശേഷം ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായി ഖുശ്ബു ചര്‍ച്ച നടത്തി. രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ ഒരാള്‍ വേണം എന്നു മനസ്സിലായി എന്നു ഖുശ്ബു പറഞ്ഞു. തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ജയം ഉറപ്പാക്കാനുള്ള കഠിന പരിശ്രമം നടത്തും. രാഷ്ട്രീയ ജീവിതം പൂര്‍ണമായി ബിജെപിക്കു സമര്‍പ്പിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍ നിന്ന് പത്രപ്രവര്‍ത്തകന്‍ മദന്‍ രവിചന്ദ്രന്‍, ആദായനികുതി വകുപ്പു മുന്‍ ഉദ്യോഗസ്ഥന്‍ സര്‍വനന്ദ് കുമാര്‍ എന്നിവരും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.  എഐസിസി വക്താവ് സ്ഥാനത്തു നിന്ന് കോണ്‍ഗ്രസ് നീക്കിയതിനു തൊട്ടുപിന്നാലെയാണ് സോണിയാ ഗാന്ധിക്ക് ഖുശ്ബു രാജിക്കത്തു നല്‍കിയത്. യാഥാര്‍ഥ്യങ്ങളുമായി ബന്ധമില്ലാത്ത, ജനസമ്മതിയില്ലാത്ത ചിലരാണ് പാര്‍ട്ടിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന തന്നേപ്പോലുള്ളവര്‍ തഴയപ്പെടുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കയച്ച രാജിക്കത്തില്‍ ഖുശ്ബു വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com