'ബലാത്സംഗം നടന്നില്ലെന്ന് എഡിജിപി എങ്ങനെ പറഞ്ഞു; ജില്ലാ മജിസ്‌ട്രേറ്റ് തല്‍സ്ഥാനത്ത് എന്തുകൊണ്ട് തുടരുന്നു; ഹാഥ്‌രസ് സംസ്‌കാരം മനുഷ്യാവകാശ ലംഘനം'

'ബലാത്സംഗം നടന്നില്ലെന്ന് എഡിജിപി എങ്ങനെ പറഞ്ഞു; ജില്ലാ മജിസ്‌ട്രേറ്റ് തല്‍സ്ഥാനത്ത് എന്തുകൊണ്ട് തുടരുന്നു; ഹാഥ്‌രസ് സംസ്‌കാരം മനുഷ്യാവകാശ ലംഘനം'
'ബലാത്സംഗം നടന്നില്ലെന്ന് എഡിജിപി എങ്ങനെ പറഞ്ഞു; ജില്ലാ മജിസ്‌ട്രേറ്റ് തല്‍സ്ഥാനത്ത് എന്തുകൊണ്ട് തുടരുന്നു; ഹാഥ്‌രസ് സംസ്‌കാരം മനുഷ്യാവകാശ ലംഘനം'

അലഹാബാദ്: ഹാഥ്‌രസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ യുപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. ക്രമസമാധാനപാലനത്തിന്റെ പേരിലുള്ള ഭരണകൂട നടപടി ഇരയുടെ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് കോടതി വ്യക്തമാക്കി. ജനങ്ങളെ സേവിക്കുക, സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ കടമ. അല്ലാതെ അവരെ നിയന്ത്രിക്കലോ, ഭരിക്കലോ അല്ല. കേസുമായി ബന്ധപ്പെട്ട് ലഖ്‌നൗ ബഞ്ചിന്റേതാണ് ശ്രദ്ധേയ നിരീക്ഷണങ്ങള്‍. 

പെണ്‍കുട്ടിയുടെ മൃതദേഹം സമ്മതം ഇല്ലാതെ സംസ്‌കരിച്ചതിനെയും ഹൈക്കോടതി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ബന്ധുക്കളുടെ സമ്മതമില്ലാതെ സംസ്‌കരിച്ചത് മനുഷ്യാവകാശ ലംഘനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ക്രമസമാധാനം പറഞ്ഞ് മാന്യമായ സംസ്‌കാരത്തിനുള്ള അവകാശം ഇല്ലാതാക്കാനാകില്ല. ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവുപ്രകാരമാണ് സംസ്‌കാരമെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. 

സംഭവത്തില്‍ പൊലീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും വിശദീകരണം തൃപ്തികരമല്ല. ജില്ലാ മജിസ്‌ട്രേറ്റ് എങ്ങനെ തത്സ്ഥാനത്ത് തുടരുന്നെന്നും കോടതി ചോദിച്ചു. ജില്ലാ മജിസ്‌ട്രേറ്റിനെതിരെ നടപടി ഉണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉചിതമായ നടപടി പ്രതീക്ഷിക്കുന്നതായും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. 

ബലാത്സംഗം ഉണ്ടായിട്ടില്ലെന്ന എഡിജിപിയുടെ പ്രസ്താവനയേയും കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. അന്വേഷണ സംഘത്തില്‍ ഇല്ലാത്ത എഡിജിപി എങ്ങനെ ഇത് പറഞ്ഞെന്ന് കോടതി ചോദിച്ചു. ബലാത്സംഗത്തിന് തെളിവായി ബീജത്തിന്റെ സാന്നിധ്യം വേണ്ടെന്ന കാര്യം കോടതി ഓര്‍മിപ്പിച്ചു. 2013ലെ നിയമ ഭേദഗതി ഓര്‍മയില്ലേയെന്ന് എഡിജിപിയോട് കോടതി ചോദിച്ചു. 

സാമൂഹിക ഐക്യം തകരാതെ മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രതികരണം നടത്താന്‍ കോടതി അനുമതി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com