12 വയസുകാരന്‍ 'പ്രശ്‌നക്കാരന്‍', ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ അധികൃതരുടെ കാരണം കാണിക്കല്‍ നോട്ടീസ്; ഞെട്ടി മാതാപിതാക്കള്‍

തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ബിഹാറില്‍, 12 വയസുകാരന് ജില്ലാ അധികൃതരുടെ കാരണം കാണിക്കല്‍ നോട്ടീസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പട്‌ന: തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ബിഹാറില്‍, 12 വയസുകാരന് ജില്ലാ അധികൃതരുടെ കാരണം കാണിക്കല്‍ നോട്ടീസ്. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് തടസം സൃഷ്ടിക്കാന്‍ സാധ്യതയുളളവരുടെ പട്ടികയിലാണ് 12 കാരന്‍ ഇടംപിടിച്ചത്. സംഭവം വിവാദമായതോടെ, കുട്ടിയുടെ പേര് അബദ്ധത്തില്‍ പട്ടികയില്‍ ഉള്‍പ്പെട്ടതാണെന്ന് അധികൃതര്‍ സമ്മതിച്ചു. കുട്ടിയുടെ പേര് പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചു.

ദര്‍ഭംഗ ജില്ലയില്‍ ബഹദൂര്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുളളവരുടെ പട്ടിക തയ്യാറാക്കുന്നത് പതിവാണ്. ഇതനുസരിച്ച് ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാറുണ്ട്. എന്തുകൊണ്ട് നിയമനടപടികള്‍ സ്വീകരിക്കുന്നില്ല എന്ന് പട്ടികയിലുളളവര്‍ കോടതിയില്‍ ബോധ്യപ്പെടുത്തണം എന്നാണ് നോട്ടീസില്‍ പറയുന്നത്. ഇത്തരത്തില്‍ തയ്യാറാക്കിയ പട്ടികയിലാണ് തെറ്റ് കടന്നുകൂടിയത്.

അച്ഛന്‍, അമ്മാവന്‍ എന്നിവരോടൊപ്പമാണ് 12 വയസുകാരനായ അഭിജിത് കുമാറിന്റെ പേരും പട്ടികയില്‍ ഇടംപിടിച്ചത്. ക്രിമിനല്‍ നിയമസംഹിതയിലെ 107 വകുപ്പ് അനുസരിച്ച് ഇവര്‍ക്ക് ദര്‍ഭംഗ സദര്‍ എസ്ഡിഒ കോടതിയാണ് നോട്ടീസ് നല്‍കിയത്. സംഭവം വിവാദമായതോടെ, കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു. 

സംഭവം വിവാദമായതോടെ റേഞ്ച് ഐജി ഇടപെട്ടു. കുട്ടിയുടെ പേര് പട്ടികയില്‍ എങ്ങനെ വന്നു എന്നതിനെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് ബഹദൂര്‍പൂര്‍ പൊലീസ് സ്റ്റേഷന്റെ ചുമതലയുളള എസ്എച്ച്ഒവിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പേര് അബദ്ധത്തില്‍ പട്ടികയില്‍ ഇടംപിടിച്ചതാണ് എന്ന് തിരിച്ചറിഞ്ഞത്. ഗ്രാമത്തിലെ ഉദ്യോഗസ്ഥന് തെറ്റിയ അബദ്ധമാണ് ഇതിന് കാരണം. കുട്ടിയുടെ പേര് പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എസ്ഡിഒയ്ക്ക് കത്ത് നല്‍കിയതായി ബഹദൂര്‍പൂര്‍ പൊലീസ് സ്റ്റേഷന്റെ ചുമതലയുളള എസ്എച്ച്ഒ അഖിലേഷ് കുമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com