മഹാരാഷ്ട്രയില്‍ കോവിഡ് മൂലം മസ്തിഷ്‌കജ്വരം, 47കാരിക്ക് ഓര്‍മ്മ നഷ്ടപ്പെടുന്ന 'ബ്രെയിന്‍ ഫോഗ്'; അക്രമ പ്രവണത രോഗലക്ഷണം

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച 47കാരിക്ക് ഓര്‍മ്മക്കുറവ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച 47കാരിക്ക് ഓര്‍മ്മക്കുറവ്. തലയിലും അടിവയറ്റിലും വേദന എന്ന് പറഞ്ഞ് കൊണ്ടാണ് ചികിത്സ തേടി എത്തിയത്. തുടക്കത്തില്‍ ഇത് കോവിഡ് തലച്ചോറിനെ ബാധിച്ചതാണ് എന്ന് തിരിച്ചറിയാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല. തുടര്‍ന്ന് തലച്ചോറില്‍ നിന്ന് എടുത്ത സെറിബ്രോസ്‌പൈനല്‍ ഫ്‌ളൂയിഡ് പരിശോധനയ്ക്ക് അയച്ചതോടെയാണ് കോവിഡിന്റെ അപകടം വ്യക്തമായത്. മസ്തിഷ്‌ക ജ്വരം ബാധിച്ചത് മൂലമാണ് ഓര്‍മ്മക്കുറവ് എന്ന അവസ്ഥയായ ബ്രെയിന്‍ ഫോഗ് അനുഭവപ്പെട്ടത്.

പാല്‍ഘര്‍ സ്വദേശിനിയായ ഷൈസ്ത പത്താനാണ് ജീവിതത്തിലെ മോശം ഘട്ടത്തിലൂടെ കടന്നുപോയത്.തലയിലും അടിവയറ്റിലും വേദന എന്ന് പറഞ്ഞ് കൊണ്ട് ഓഗസ്റ്റ് 14നാണ് വോക്ക്ഹാര്‍ട്ട് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയത്. അതിനിടെ രാത്രിയില്‍ അക്രമ പ്രവണത കാണിച്ചു. പഴയകാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്നതില്‍ ബുദ്ധിമുട്ടും നേരിട്ടു. കോവിഡ് വൈറസ് ബാധയുടെ എട്ടുനാളുകളിലെ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ വരെ ബുദ്ധിമുട്ടിയതായി ന്യൂറോളജിസ്റ്റ് പവന്‍ പൈ പറയുന്നു.

അക്രമ പ്രവണത കാണിച്ച ഷൈസ്ത പത്താനെ ശാന്തയാക്കാന്‍ നേഴ്‌സുമാര്‍ കിണഞ്ഞു പരിശ്രമിച്ചു. ബോധം നഷ്ടപ്പെട്ട സ്ഥിതിയിലായിരുന്നു. തൊട്ടടുത്ത ദിവസം കഴുത്തുവേദന അനുഭവപ്പെട്ടു. ഇതോടെ നാഡിവ്യവസ്ഥയിലെ അണുബാധയാണ് ഇതിന് കാരണമെന്ന് തിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങി. മസ്തിഷ്‌കജ്വരമാണ് എന്ന സംശയത്തിലാണ് മരുന്ന് നല്‍കാന്‍ തുടങ്ങിയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ദിവസങ്ങള്‍ക്ക് ശേഷം തലച്ചോറില്‍ നിന്ന് സെറിബ്രോസ്‌പൈനല്‍ ഫ്‌ളൂയിഡ് പരിശോധനയ്ക്ക് അയച്ചതോടെയാണ് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്. അതിനിടെ ഭര്‍ത്താവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഷൈസ്ത പത്താനെ പരിശോധിച്ചപ്പോള്‍ വൈറസ് ബാധയും കണ്ടെത്തി. ഇതോടെ കോവിഡ് മൂലമാണ് മസ്തിഷ്‌ക ജ്വരം ഉണ്ടായതെന്നും ഓര്‍മ്മക്കുറവ് ഇതിന്റെ പാര്‍ശ്വഫലമാണെന്നും തിരിച്ചറിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com