രാജ്യസഭയിലും നില ഭദ്രമാക്കാന്‍ ബിജെപി, അടുത്ത മാസം പത്തു സീറ്റുകൂടി; കോണ്‍ഗ്രസ് വീണ്ടും 'മെലിയും'

രാജ്യസഭയിലും നില ഭദ്രമാക്കാന്‍ ബിജെപി, അടുത്ത മാസം പത്തു സീറ്റുകൂടി; കോണ്‍ഗ്രസ് വീണ്ടും 'മെലിയും'
രാജ്യസഭയിലും നില ഭദ്രമാക്കാന്‍ ബിജെപി, അടുത്ത മാസം പത്തു സീറ്റുകൂടി; കോണ്‍ഗ്രസ് വീണ്ടും 'മെലിയും'

ന്യൂഡല്‍ഹി: പതിനൊന്നു സീറ്റുകളിലേക്ക് അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പോടെ രാജ്യസഭയിലും ബിജെപി സര്‍ക്കാരിന്റെ നില ഭദ്രമായേക്കും. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമായി പതിനൊന്നു സീറ്റുകളിലേക്കാണ് നവംബര്‍ ഒന്‍പതിനു തെരഞ്ഞെടുപ്പു നടക്കുന്നത്. നിയമസഭയിലെ കക്ഷി നില വച്ച് ഇതില്‍ പത്തു സീറ്റുകളെങ്കിലും ബിജെപിക്കു ജയിക്കാനാവും.

തെരഞ്ഞെടുപ്പിനു ശേഷം 245 അംഗ രാജ്യസഭയില്‍ ബിജെപി അംഗബലം 93 ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്‍പത് അംഗങ്ങളുള്ള എഐഎഡിഎംകെയുടെയും ആറ് അംഗങ്ങളുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും പിന്തുണ ബിജെപിക്കുണ്ട്. ഏഴ് അംഗങ്ങളുള്ള ടിആര്‍എസും ഒന്‍പത് അംഗങ്ങളുള്ള ബിജു ജനതാ ദളും മിക്കവാറും വിഷയങ്ങളില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പോടെ രാജ്യസഭയില്‍ ഭരണമുന്നണിയുടെ കരുത്ത് വര്‍ധിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.

യുപി, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകള്‍ കഴിയുന്നതോടെ രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം 38 ആയി ചുരുങ്ങാനാണ് സാധ്യത. നിലവില്‍ ഒഴിവു വരുന്നതില്‍ രണ്ട് പേരാണ് കോണ്‍ഗ്രസ് അംഗങ്ങള്‍.

സമാജ് വാദി പാര്‍ട്ടിയുടെ ചന്ദ്രപാല്‍ സിങ് യാദവ്, രവിപ്രകാശ് വര്‍മ, രാംഗോപാല്‍ യാദവ്, ബിഎസ്പിയുടെ വീര്‍ സിങ് രാജാറാം, കോണ്‍ഗ്രസിലെ രാജ് ബബ്ബര്‍, പിഎല്‍ പുനിയ, ബിജെപിയുടെ നീരജ് ശേഖര്‍, ഹര്‍ദീപ് സിങ് പുരി, അരുണ്‍ സിങ് എന്നിവരാണ് അടുത്ത മാസം കാലാവധി പൂര്‍ത്തിയാക്കുന്നത്. യുപി നിയമസഭയിലെ അംഗബലം അനുസരിച്ച് എസ്പിക്ക് ഒരാളെ ജയിപ്പിക്കാനാവും.  ഈ സീറ്റിലേക്ക് എസ്പി രാംഗോപാല്‍ യാദവിനെ പ്രഖ്യാപിച്ചിട്ടുണ്ട്. 

പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനിന്നാല്‍ ഒരു സീറ്റില്‍ യുപിയില്‍ ജയിക്കാനാവും. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത്തരമൊരു സംയുക്ത സ്ഥാനാര്‍ഥിക്കു സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. യുപിയിലെ ഒന്‍പതു സീറ്റും ഉത്തരാഖണ്ഡിലെ ഏക സീറ്റും ബിജെപിക്് അനായാസം ജയിക്കാനാവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com