മുംബൈയില്‍ പൈശാചിക കൊലപാതകം; അമ്മൂമ്മയുടെ തല വെട്ടിയെടുത്ത് തീന്‍മേശയില്‍ വച്ചു, അവയവങ്ങള്‍ കീറിമുറിച്ചു, രക്തത്തില്‍ കുളിച്ച് 25കാരന്‍

ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തില്‍ നിന്ന് മടങ്ങിയെത്തിയ 25കാരന്‍ അമ്മൂമ്മയെ ക്രൂരമായി കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തില്‍ നിന്ന് മടങ്ങിയെത്തിയ 25കാരന്‍ അമ്മൂമ്മയെ ക്രൂരമായി കൊന്നു. തല വെട്ടിയെടുത്ത് തീന്‍ മേശയില്‍ വച്ചു. ആന്തരികാവയവങ്ങള്‍ കീറിമുറിച്ച് വീട്ടിനകത്ത് മുഴുവന്‍ വലിച്ചെറിഞ്ഞു. രക്തത്തില്‍ കുളിച്ചു കിടന്ന കൊച്ചുമകനെ പൊലീസ് അറസ്റ്റ് ചെയ്തു.

മുംബൈ ബാന്ദ്രയിലാണ് നാടിനെ നടുക്കിയ സംഭവം. 80 വയസുകാരിയായ റോസി ഡയസിന്റെ കൊച്ചുമകന്‍ ക്രിസ്റ്റഫര്‍ ഡയസാണ് ക്രൂരകൃത്യം ചെയ്തത്.മണിക്കൂറുകള്‍ക്ക് മുന്‍പാണ് ക്രിസ്റ്റഫര്‍ ഡയസിനെ ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തില്‍ നിന്ന് വീട്ടിലെത്തിച്ചത്. കൊലപാതകത്തിന് ശേഷം അച്ഛനെയാണ് ക്രിസ്റ്റഫര്‍ ഡയസ് ആദ്യം വിവരം അറിയിച്ചതെന്ന് പൊലീസ് പറയുന്നു.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അച്ഛന്‍ ദൃശ്യങ്ങള്‍ കണ്ട് ഭയന്നുപോയി. വാതില്‍ തുറന്ന് അകത്തുകടന്ന ക്രിസ്റ്റഫറിന്റെ അച്ഛന്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകനെയാണ് കണ്ടത്. എന്തിന് ഇത് ചെയ്തു എന്ന ചോദ്യത്തിന് ചിരിച്ച് കൊണ്ട് അമ്മൂമ്മയെ കൊന്നു എന്നു മാത്രമാണ് യുവാവ് പറഞ്ഞതെന്ന് പൊലീസ് പറയുന്നു. കുടുംബത്തെ കാണാന്‍ ഈയിടയ്ക്കാണ് ക്രിസ്റ്റഫറിന്റെ അച്ഛന്‍ ഇന്ത്യയില്‍ എത്തിയത്.

കഴിഞ്ഞ 18മാസമായി ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിലായിരുന്നു ക്രിസ്റ്റഫര്‍. ചികിത്സയ്ക്ക് മാതാപിതാക്കള്‍ ആറു ലക്ഷം രൂപയുടെ കുടിശ്ശിക വരുത്തിയതോടെ, യുവാവിനെ തിരിച്ചു വീട്ടില്‍ കൊണ്ടുപോയി വിടുകയായിരുന്നു. യുവാവിന്റെ മാതാപിതാക്കള്‍ ഇസ്രായേലിലാണ് ജോലി ചെയ്യുന്നത്.

ക്രിസ്റ്റഫറിന്റെ അമ്മാവനും മക്കളും റോസി ഡയസിന്റെ വീടിന്റെ മുകളിലാണ് താമസിക്കുന്നത്. ക്രിസ്റ്റഫര്‍ വന്നത് അറിഞ്ഞ് അമ്മാവന്റെ മക്കള്‍ യുവാവിനെ കാണാന്‍ താഴെ വന്നു. ഈ സമയത്ത് ക്രിസ്റ്റഫറുമായി അകലം പാലിക്കണമെന്ന് പറഞ്ഞ് മക്കളെ അമ്മാവന്‍ ശകാരിച്ചു. ഇതില്‍ പ്രകോപിതനായാകാം അമ്മൂമ്മയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. തിങ്കളാഴ്ച രാത്രി 12.30 ഓടേ റോസി ഡയസ് ഉറങ്ങിക്കിടക്കുന്നതിനിടെയാണ് സംഭവമെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com