റിപ്പബ്ലിക് ടിവിയുടെ ഹര്‍ജി സുപ്രാംകോടതി പരിഗണിച്ചില്ല; ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം, മൂന്നുമാസത്തേക്ക് റേറ്റിങ് പുറത്തുവിടില്ലെന്ന് ബാര്‍ക് 

ടിആര്‍പി തട്ടിപ്പ് കേസിനെതിരായ റിപ്പബ്ലിക് ടിവിയുടെ ഹര്‍ജി സ്വീകരിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.
റിപ്പബ്ലിക് ടിവിയുടെ ഹര്‍ജി സുപ്രാംകോടതി പരിഗണിച്ചില്ല; ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം, മൂന്നുമാസത്തേക്ക് റേറ്റിങ് പുറത്തുവിടില്ലെന്ന് ബാര്‍ക് 


ന്യൂഡല്‍ഹി: ടിആര്‍പി തട്ടിപ്പ് കേസിനെതിരായ റിപ്പബ്ലിക് ടിവിയുടെ ഹര്‍ജി സ്വീകരിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഹര്‍ജിയുമായി മുംബൈ ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ഹൈക്കോടതികളെ വിശ്വാസത്തിലെടുക്കണം എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചത്. 

ജസ്റ്റിസുമാരയ ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, ഇന്ദിര ബാനര്‍ജി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചത്. കോവിഡ് വ്യാപനത്തിനിടയിലും രാജ്യത്തെ ഹൈക്കോടതികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മാധ്യമസ്ഥാപനത്തിന് ഹൈക്കോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി. 

' നിങ്ങളുടെ കക്ഷിക്ക് മുംബൈയില്‍ ഓഫീസ് ഉണ്ടല്ലോ?നിങ്ങള്‍ക്ക് ബോംബെ ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്. ഹൈക്കോടതികള്‍ വാദം കേള്‍ക്കാത്ത ഇത്തരത്തിലുള്ള കേസുകള്‍ പരിഗണിക്കുന്നത് തെറ്റായ സന്ദേശം നല്‍കും'- റിപ്പബ്ലിക് ടിവിയ്ക്ക് വേണ്ടി ഹാരജായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയോട് ബെഞ്ച് പറഞ്ഞു. ഹര്‍ജി പിന്‍വലിച്ച സാല്‍വെ, ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് കമ്മീഷണര്‍ പരസ്യപ്രസ്താവന നടത്തുന്നത് ഒഴിവാക്കേണ്ടതാണെന്നും സുപ്രീംകോടതി പരാമര്‍ശം നടത്തി.അന്വേഷണത്തിന് എതിരെ മാധ്യമസ്ഥാപനം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കരുത് എന്നാവശ്യപ്പെട്ട് മുംബൈ പൊലീസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 

അതേസമയം, വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ടെലിവിഷന്‍ കാഴ്ച്ചക്കാരുടെ എണ്ണം അളക്കുന്ന പ്രതിവാര ടിആര്‍പി റേറ്റിങ് പുറത്തുവിടുന്നത് ഏജന്‍സിയായ ബാര്‍ക് നിര്‍ത്തിവച്ചു. റേറ്റിങ് നിശ്ചയിക്കുന്ന സംവിധാനം ശക്തിപ്പെടുത്താനാണ് മൂന്ന് മാസത്തേക്ക് റേറ്റിങ് പുറത്തുവിടുന്നത് നിര്‍ത്തിവയ്ക്കുന്നത് എന്നാണ് വിശദീകരണം. ടിവി കാഴ്ചക്കാരുടെ എണ്ണം അളക്കുന്ന റേറ്റിങ് സംവിധാനത്തില്‍ തട്ടിപ്പ് നടന്നതായുള്ള പരാതിയില്‍ മുംബൈ പൊലീസ് മൂന്ന് ചാനലുകള്‍ക്കെതിരെ കേസെടുത്തിരുന്നു. റിപ്പബ്ലിക് ടിവിക്കും രണ്ട് മറാത്തി ചാനലുകള്‍ക്കും എതിരെയായിരുന്നു കേസ്. കാഴ്ചക്കാരുടെ എണ്ണം അളക്കുന്ന മീറ്ററുകള്‍ സ്ഥാപിച്ചിട്ടുള്ള വീട്ടുകാര്‍ക്ക് പണം നല്‍കി സ്വാധീനിക്കുന്നു എന്നായിരുന്നു മുംബൈ പൊലീസിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് ന്യൂസ് ചാനലുകളുടെ റേറ്റിങ് പുറത്തുവിടുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ബാര്‍ക് തീരുമാനിച്ചത്.

സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എട്ടുമുതല്‍ 12 വരെ ആഴ്ചകള്‍ എടുക്കുമെന്നും ഇതുവരെ വാര്‍ത്ത ചാനലുകളുടെ റേറ്റിങ് പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവെക്കുമെന്നും ബാര്‍ക് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com