ദുർ​ഗാ പൂജയ്ക്കായി നൽകിയ ​സർക്കാർ സഹായത്തിന്റെ 75 ശതമാനം കോവിഡ് പ്രതിരോധത്തിന് ചെലവാക്കണം; നിർദ്ദേശവുമായി ഹൈക്കോടതി

ദുർ​ഗാ പൂജയ്ക്കായി നൽകിയ ​സർക്കാർ സഹായത്തിന്റെ 75 ശതമാനം കോവിഡ് പ്രതിരോധത്തിന് ചെലവാക്കണം; നിർദ്ദേശവുമായി ഹൈക്കോടതി
ദുർ​ഗാ പൂജയ്ക്കായി നൽകിയ ​സർക്കാർ സഹായത്തിന്റെ 75 ശതമാനം കോവിഡ് പ്രതിരോധത്തിന് ചെലവാക്കണം; നിർദ്ദേശവുമായി ഹൈക്കോടതി

കൊൽക്കത്ത: ദുർഗാ പൂജയ്ക്കായി സർക്കാർ ഗ്രാന്റ് ഇനത്തിൽ നൽകിയ പണത്തിന്റെ 75 ശതമാനം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കാൻ ദുർഗാ പൂജാ കമ്മിറ്റികൾക്ക് കൽക്കത്ത ഹൈക്കോടതിയുടെ നിർദ്ദേശം. പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് കോടതിയുടെ നിർദ്ദേശം. ജസ്റ്റിസ് സഞ്ജിബ് ബാനർജി, അരിജിത്ത് ബാനർജി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. 

ദുർഗാപൂജാ കമ്മിറ്റികൾക്ക് ഖജനാവിൽ നിന്ന് 50,000 രൂപ വീതം നൽകിയത് എന്തിനെന്നു വിശദീകരിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. എന്നാൽ കോവിഡ് സുരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിനും ബോധവത്കരണ പ്രവർത്തനങ്ങളും ഉൾപ്പെടെയുള്ള മതേതര ആവശ്യങ്ങൾക്കാണ് ഗ്രാന്റ് അനുവദിച്ചത് എന്നായിരുന്നു സർക്കാർ അഭിഭാഷകന്റെ വാദം. 

സർക്കാർ നൽകുന്ന പണം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന വിശദീകരണം കേട്ടതിനു ശേഷം കോടതി നിർദേശിച്ചു. ഗ്രാന്റിന്റെ 75 ശതമാനവും കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതിനായി ചെലവഴിക്കണം. ഇതിന്റെ ബില്ലുകൾ അധികൃതർക്ക് സമർപ്പിക്കണമെന്നും ദുർഗാ പൂജാ കമ്മിറ്റികൾക്ക് കോടതി നിർദേശം നൽകി. 25 ശതമാനം പൊതുജന- പൊലീസ് ബന്ധം ശക്തിപ്പെടുത്തുന്നതിനും കൂടുതൽ സ്ത്രീകളെ കമ്മ്യൂണിറ്റി പൊലീസ് സംവിധാനത്തിൽ ഉൾപ്പെടുത്തുന്നതിനും ഉപയോഗിക്കണമെന്നും കോടതി നിർദ്ദേശിച്ചു. 

പണം ചെലവഴിക്കുന്നതിന്റെ ബില്ലുകൾ അതത് ജില്ലകളിലെ അധികാരികൾക്ക് ഓഡിറ്റിങിനായി സമർപ്പിക്കണമെന്നും ദുർഗാ പൂജ അവധിക്കാലം കഴിഞ്ഞ് സംസ്ഥാന സർക്കാർ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതില ഉത്തരവിൽ പറയുന്നു. ഹർജിയിൽ വീണ്ടും വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി. 

സെപ്റ്റംബർ 24നാണ് സംസ്ഥാനത്തെ 36,946 ദുർഗാപൂജാ സംഘാടകർക്ക് 50,000 രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി പ്രഖ്യാപിച്ചത്. ദുർഗാപൂജ കോർഡിനേഷൻ യോഗത്തിലായിരുന്നു മമതയുടെ പ്രഖ്യാപനം. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ സിഐടിയു നേതാവായ സൗരവ് ദത്തയാണ് ഹൈക്കോടതിയെ സമീപിച്ചത്. ദുർഗാപൂജാ ചടങ്ങുകൾക്ക് സർക്കാർ പണം നൽകുന്നത് ഇന്ത്യയിലെ മതേതരത്വം എന്ന ആശയത്തിന് വിരുദ്ധമാണെന്നും ഇത് ഭരണഘടനയിൽ നൽകിയിരിക്കുന്ന മൗലികാവകാശങ്ങളെ വേദനിപ്പിക്കുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com