ബലാത്സംഗ ശ്രമം ചെറുക്കുന്നതിനിടെ തൊഴിലുടമ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; ജീവന്‍ നിലനിര്‍ത്താന്‍ ഒരു മാസം പോരാടിയ 13കാരി മരണത്തിന് കീഴടങ്ങി

ബലാത്സംഗ ശ്രമം ചെറുക്കുന്നതിനിടെ, തൊഴിലുടമ തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊളളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 13കാരി മരിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: ബലാത്സംഗ ശ്രമം ചെറുക്കുന്നതിനിടെ, തൊഴിലുടമ തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊളളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 13കാരി മരിച്ചു. പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് 70 ശതമാനവും പൊളളലേറ്റ് സ്വകാര്യ ആശുപത്രിയില്‍ ഒരു മാസമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ആദിവാസി കുട്ടിയാണ് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. പ്രതിക്കെതിരെ പൊലീസ് കൊലപാത കുറ്റം ചുമത്തി.

തെലങ്കാന ഖമ്മം നഗരത്തില്‍ സെപ്റ്റംബര്‍ 18നായിരുന്നു സംഭവം. വീട്ടുജോലിക്കാരിയായ 13കാരിയെയാണ് തൊഴിലുടമ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ലൈംഗികാതിക്രമം ചെറുക്കാന്‍ ശ്രമിച്ചതില്‍ പ്രകോപിതനായ തൊഴിലുടമ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് കുട്ടി മരിച്ചത്. ആക്രമണം നടന്ന്‌ ആഴ്ചകള്‍ കഴിഞ്ഞ് ഒക്ടോബര്‍ അഞ്ചിന് മാത്രമാണ് പൊലീസ് കാര്യം അറിയുന്നത്. സ്വകാര്യ ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കുറ്റപ്പെടുത്തി. കുട്ടിയുടെ വീട്ടുകാരെ അറിയിക്കുന്നതിലും ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായും മനുഷ്യാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ഇതുവരെ പ്രതിക്കെതിരെ കൊലപാതക ശ്രമ കുറ്റം ചുമത്തിയാണ് കേസെടുത്തിരുന്നത്. കുട്ടി മരിച്ച സാഹചര്യത്തില്‍ കൊലപാതക കുറ്റം ചുമത്തി നടപടി സ്വീകരിക്കുമെന്ന് ഖമ്മം പൊലീസ് പറഞ്ഞു. സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍ ഖമ്മം പൊലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com