മാതാപിതാക്കള്‍ ജോലിക്ക് പോയി ; മഴു കൊണ്ട് വെട്ടേറ്റ് രക്തത്തില്‍ കുളിച്ച് നാലു കുട്ടികള്‍ വീട്ടില്‍, അന്വേഷണം

മൃതദേഹങ്ങള്‍ക്ക് സമീപത്തു നിന്നും രക്തം പുരണ്ട മഴു പൊലീസ് കണ്ടെടുത്തു
മാതാപിതാക്കള്‍ ജോലിക്ക് പോയി ; മഴു കൊണ്ട് വെട്ടേറ്റ് രക്തത്തില്‍ കുളിച്ച് നാലു കുട്ടികള്‍ വീട്ടില്‍, അന്വേഷണം

മുംബൈ : മഴു കൊണ്ട് വെട്ടേറ്റ് മരിച്ച നിലയില്‍ നാലു സഹോദരങ്ങളെ വീട്ടില്‍ കണ്ടെത്തി. മൂന്നു വയസ്സു മുതല്‍ 12 വയസ്സു വരെ പ്രായമുള്ള നാലു കുട്ടികളാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ ജല്‍ഗാവിലെ ബോര്‍ഖേഡ ഗ്രാമത്തിലാണ് സംഭവം. 

കുട്ടികളുടെ മൃതദേഹത്തിന് സമീപത്തു തന്നെ കൊലപ്പെടുത്താനുപയോഗിച്ച മഴു അക്രമി ഉപേക്ഷിച്ചിരുന്നു. സെയ്ത (12), റാവല്‍ (11), അനില്‍ (8), സുമന്‍ (3) എന്നീ കുട്ടികളാണ് മരിച്ചത്. 

കുട്ടികളുടെ മാതാപാതാക്കളായ മെഹ്താബ്, റുമാലി ബിലാല എന്നിവര്‍ ജോലിക്കായി കൃഷിസ്ഥലത്തേക്ക് പോയപ്പോഴാണ് കൊലപാതകം നടന്നത്. മധ്യപ്രദേശുകാരായ ഇവര്‍ ജോലി തേടിയാണ് ജല്‍ഗാവിലെത്തിയത്.

മുസ്തഫ എന്നയാളുടെ കൃഷിസ്ഥലത്താണ് ഇവര്‍ ജോലി ചെയ്തിരുന്നത്. മുസ്തഫയാണ് കുട്ടികള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുന്നത് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് സമീപത്തു നിന്നും രക്തം പുരണ്ട മഴു പൊലീസ് കണ്ടെടുത്തു. 

സംഭവത്തില്‍ ഐപിഎസ് ഓഫീസറുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കുട്ടികളുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചു. ഇത് ക്യാമറയില്‍ പകര്‍ത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സംഭവത്തില്‍ മുതിര്‍ന്ന ഡോക്ടര്‍മാരുടെയും ഫോറന്‍സിക് വിദഗ്ധരുടെയും സഹകരണവും പൊലീസ് തേടിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com