ഒടുവില്‍ കേന്ദ്രം വഴങ്ങി; ജിഎസ്ടി നഷ്ടപരിഹാരത്തിനായി 1.1 ലക്ഷം കോടി വായ്പയെടുക്കും

സംസ്ഥാനങ്ങളുടെ ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക തന്നുതീര്‍ക്കാന്‍  വായ്പ എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക തീര്‍ക്കാന്‍  വായ്പ എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. 1.1 ലക്ഷം കോടി രൂപ വായ്പ എടുത്ത് സംസ്ഥാനങ്ങള്‍ക്ക് കൈമാറാനാണ് ധനമന്ത്രാലയം തീരുമാനിച്ചത്.  ജിഎസ്ടി നഷ്ടപരിഹാര സെസിന് പകരമായി വായ്പയെടുത്ത തുക ബാക്ക്-ടു-ബാക്ക് വായ്പയായി സംസ്ഥാനങ്ങള്‍ക്ക് കൈമാറുമെന്ന് ധനമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഈ രീതിയില്‍ തുക കൈമാറിയാല്‍ കേന്ദ്രത്തിന്റെ ധനകമ്മിയില്‍ പ്രതിഫലിക്കില്ല എന്നാണ് വിലയിരുത്തല്‍. മൂലധന അക്കൗണ്ടില്‍ വകയിരുത്തുന്നത് കൊണ്ട് സംസ്ഥാനങ്ങളെയും ബാധിക്കില്ല. ലോകബാങ്ക്, എഡിബി തുടങ്ങിയവയില്‍ നിന്ന്് വായ്പ എടുക്കുന്നതിന് സമാനമാണ് നടപടി.ഇവിടെ കേന്ദ്രസര്‍ക്കാര്‍ വായ്പ എടുത്ത് സംസ്ഥാനങ്ങള്‍ക്ക് കൈമാറുന്നു എന്ന് മാത്രം. വലിയ തുക വായ്പയായി എടുത്ത് കേന്ദ്രം  സംസ്ഥാനങ്ങള്‍ക്ക് വീതിച്ച് നല്‍കുന്നു. കേന്ദ്രം വായ്പ സ്വീകരിക്കുന്ന സമയത്ത് നിശ്ചയിച്ചിരിക്കുന്ന പലിശനിരക്ക് തന്നെയാണ് സംസ്ഥാനങ്ങളില്‍ നിന്ന് കേന്ദ്രം ഈടാക്കുക എന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതല്‍ സമ്പദ്വ്യവസ്ഥയിലെ മാന്ദ്യം ചരക്ക് സേവന നികുതി (ജിഎസ്ടി) ഈടാക്കുന്നതില്‍ ഇടിവുണ്ടാക്കി. 2017 ജൂലൈയില്‍ ജിഎസ്ടി നിലവില്‍ വന്നത് മുതല്‍ വില്‍പ്പന നികുതി അഥവ വാറ്റ് പോലുള്ള പ്രാദേശിക നികുതികള്‍ ഈടാക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് അവസാനിച്ചതോടെ ഇത് സംസ്ഥാന ബജറ്റിനെയും ബാധിച്ചു. നടപ്പുസാമ്പത്തിക വര്‍ഷം ജിഎസ്ടി പിരിവില്‍ 2.35 ലക്ഷം കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഓഗസ്റ്റില്‍ ജിഎസ്ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുന്നതിന് രണ്ട് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. റിസര്‍വ് ബാങ്കിന്റെ പ്രത്യേക സംവിധാനം ഉപയോഗിച്ച് 97000 കോടി രൂപ കടമെടുക്കുക. അല്ലെങ്കില്‍ പൊതുവിപണിയില്‍ നിന്ന് 2.35 കോടി രൂപ കടമെടുക്കുക. ഇതിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നിരുന്നു.


ജിഎസ്ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സമവായം കണ്ടെത്താനായില്ല. നേരത്തെ ഒക്ടോബര്‍ 5 ന്, 42-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലും ഈ വിഷയം ചര്‍ച്ചയായി. ബിജെപി ഭരിക്കാത്ത 10 സംസ്ഥാനങ്ങള്‍ കേന്ദ്രം അവതരിപ്പിച്ച രണ്ട് വായ്പയെടുക്കല്‍ നിര്‍ദേശങ്ങളും നിരസിച്ചു. നഷ്ടപരിഹാരം നികത്താന്‍ സംസ്ഥാനങ്ങള്‍ക്ക് പകരം കേന്ദ്രം പണം കടം വാങ്ങേണ്ടതുണ്ടെന്ന് ധനമന്ത്രാലയം ആവര്‍ത്തിക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com