രാജ്യത്ത് കോവിഡ് വാക്‌സിന്‍ മാര്‍ച്ചില്‍ ; ഏഴു കോടി ഡോസ് തയ്യാറാക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്

രണ്ടെണ്ണം മൂന്നാം ഘട്ട ട്രയലിലാണെന്ന്  സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടര്‍
രാജ്യത്ത് കോവിഡ് വാക്‌സിന്‍ മാര്‍ച്ചില്‍ ; ഏഴു കോടി ഡോസ് തയ്യാറാക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ മാര്‍ച്ചില്‍ ലഭ്യമാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സിറം ഇൻസ്റ്റിറ്റ്യൂട്ട്. വാക്‌സിന്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള പരീക്ഷണങ്ങള്‍ തീവ്രമായി പുരോഗമിക്കുകയാണ്. നിരവധി വാക്‌സിനുകളാണ് പരീക്ഷണത്തിലിരിക്കുന്നത്. ഇതില്‍ രണ്ടെണ്ണം മൂന്നാം ഘട്ട ട്രയലിലാണെന്ന്  സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടര്‍ സുരേഷ് ജാദവ് പറഞ്ഞു. 

രണ്ടെണ്ണം മൂന്നാം ഘട്ട ഹ്യൂമന്‍ ട്രയലിലും ഒരെണ്ണം രണ്ടാംഘട്ട ട്രയലിലുമാണ്. നിരവധി വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ പരീക്ഷണത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ലോകത്താകെ 40 കമ്പനികളാണ് വാക്‌സിന്‍ നിര്‍മ്മാണത്തിനുള്ള പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ മാര്‍ച്ചിനു മുമ്പ് ഏഴു കോടി ഡോസ് തയ്യാറാക്കാനാണ് പദ്ധതിയെന്നും സുരേഷ് ജാദവ് പറഞ്ഞു.

നിലവിലെ രീതിയില്‍ മുന്നോട്ട് പോയാല്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, 2020 ഡിസംബറോടെ 60-70 ദശലക്ഷം ഡോസ് വാക്സിനുകള്‍ തയ്യാറാക്കും. ലൈസന്‍സിംഗ് ക്ലിയറന്‍സിനുശേഷം 2021 ല്‍ മാത്രമെ  അത് വിപണിയിലേക്കെത്തൂ. പിന്നീട് കേന്ദ്രസർക്കാരിൻറെ  അനുമതിയോടെ കൂടുതല്‍  ഡോസുകള്‍ നിര്‍മ്മിക്കുമെന്നും സുരേഷ് ജാദവ് വ്യക്തമാക്കുന്നു. ഓക്‌സ്‌ഫോര്‍ഡിന്റെ വാക്‌സിനാണ് സെറം ഇന്ത്യയില്‍ പരീക്ഷണത്തിന് വിധേയമാക്കുന്നത്.

ലോകത്ത് 2021 രണ്ടാം പാദത്തില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാകുമെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. 2021 ജനുവരിയില്‍ പുതിയ വാക്‌സിന്റെ അന്തിമ പരീക്ഷണ ഫലങ്ങള്‍ ലഭ്യമാകും. 2021 രണ്ടാംപാദത്തില്‍ കോവിഡിനെതിരായ രണ്ടാം വാക്‌സിന്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനാകുമെന്നുമാണ് ഡോ. സൗമ്യ വെളിപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com