ക്ലിനിക്കിലെത്തിയ വിവാഹിതയുമായി അടുപ്പത്തിലായി; ഒപ്പം താമസിക്കണമെന്ന് യുവതി; ആരുമറിയാതെ കൊലപ്പെടുത്തി ഡോക്ടര്‍; അറസ്റ്റ്

പരിചയം അടുപ്പത്തിലേക്ക് എത്തിയതോടെ ഡോക്ടര്‍ക്കൊപ്പം താമസിക്കണമെന്ന് യുവതി വാശിപ്പിടിച്ചതോടെയാണ് ഡോക്ടര്‍ കൊലപാതകം ആസുത്രണം ചെയ്തത്‌ 
ക്ലിനിക്കിലെത്തിയ വിവാഹിതയുമായി അടുപ്പത്തിലായി; ഒപ്പം താമസിക്കണമെന്ന് യുവതി; ആരുമറിയാതെ കൊലപ്പെടുത്തി ഡോക്ടര്‍; അറസ്റ്റ്

ഗാസിയാബാദ്: ക്ലിനിക്കില്‍ വച്ച് പരിചയപ്പെട്ട് അടുപ്പത്തിലായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ദാസ്‌നയില്‍ ക്ലിനിക്ക് നടത്തുന്ന ഡോക്ടര്‍ ഇസ്മയിലാണ് പിടിയിലായത്. ഹരിയാനയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. നാലുമക്കളുടെ അമ്മ കൂടിയാണ് യുവതി. 

സെപ്റ്റംബര്‍ എട്ടാം തീയതിയാണ് ഇസ്മയില്‍ യുവതിയെ കൊലപ്പെടുത്തിയതെന്ന് ഗാസിയാബാദ് പൊലീസ് പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് ക്ലിനിക്കില്‍ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് യുവതിയെ ഡോക്ടര്‍ പരിചയപ്പെട്ടത്. ഈ പരിചയം അടുപ്പത്തിലേക്കെത്തി. തുടര്‍ന്ന് ഡോക്ടര്‍ക്കൊപ്പം ഒരുമിച്ച് താമസിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹിതനായതിനാല്‍ ഇസ്മയില്‍ ഇതിന് വിസമ്മതിച്ചെങ്കിലും യുവതി പിന്മാറിയല്ല. ഇതോടെ യുവതിയെ വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോയ ശേഷം കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. ഹരിയാണയിലെ കുരുക്ഷേത്രയില്‍ മൃതദേഹം ഉപേക്ഷിച്ച ശേഷം ഗാസിയബാദില്‍ തിരിച്ചെത്തിയ ഇസ്മയില്‍ പതിവ് പോലെ ക്ലിനിക്കില്‍ ജോലി തുടരുകയും ചെയ്തു.

സെപ്റ്റംബര്‍ ഏഴാം തീയതി മുതല്‍ യുവതിയെ കാണാനില്ലെന്ന് ഭര്‍ത്താവ് ഗാസിയാബാദ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ആഴ്ചകള്‍ അന്വേഷിച്ചിട്ടും യുവതിയെ കണ്ടെത്താനായില്ല. ഇതിനിടെ മറ്റ് പൊലീസ് സ്‌റ്റേഷനുകളിലേക്കും അയല്‍സംസ്ഥാനങ്ങളിലെ പൊലീസ് സേനയ്ക്കും യുവതിയുടെ ചിത്രങ്ങളടക്കം പൊലീസ് കൈമാറിയിരുന്നു. കേസില്‍ അന്വേഷണം വഴിമുട്ടി നില്‍ക്കുന്നതിനിടെയാണ് ഒക്ടോബര്‍ 15ന് ഹരിയാണ പൊലീസില്‍നിന്ന് ഫോണ്‍ വിളി എത്തുന്നത്. കുരുക്ഷേത്രയില്‍ കണ്ടെത്തിയ മൃതദേഹത്തിന് ചിത്രങ്ങളിലെ യുവതിയുമായി സാദൃശ്യമുണ്ടെന്നായിരുന്നു സന്ദേശം. തുടര്‍ന്ന് ഗാസിയബാദ് പൊലീസ് ഹരിയാണയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. 

യുവതിയുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങളില്‍നിന്നാണ് അന്വേഷണം ഡോക്ടറിലേക്ക് എത്തിയത്. തുടര്‍ന്ന് യുവ ഡോക്ടറെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്‌തെങ്കിലും ആദ്യം കുറ്റം നിഷേധിച്ചു. ഒടുവില്‍ മറ്റ് തെളിവുകളെല്ലാം നിരത്തിയപ്പോള്‍ ഡോക്ടര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

ഒപ്പം താമസിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടതിനാലാണ് യുവതിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞു. തുടര്‍ന്ന് ചണ്ഡീഗഢില്‍ ഒരു വീട് ശരിയാക്കിയിട്ടുണ്ടെന്നും അവിടെ ഒരുമിച്ച് താമസിക്കാമെന്നും യുവതിയെ അറിയിച്ചു. സെപ്റ്റംബര്‍ ഏഴാം തീയതി യുവതിയെയും കൂട്ടി ബൈക്കില്‍ പഹര്‍ഗഞ്ചിലെത്തി. അവിടെ ഹോട്ടലില്‍ മുറിയെടുത്തു. രാത്രി യുവതി ഉറങ്ങിയതോടെ ഡോക്ടര്‍ ഹോട്ടലില്‍നിന്നിറങ്ങി. പിറ്റേദിവസം ഒരു കാര്‍ വാടകയ്ക്ക് എടുത്താണ് ഹോട്ടലില്‍ തിരിച്ചെത്തിയത്. കാറില്‍ യുവതിയെയും കൂട്ടി ചണ്ഡീഗഢിലേക്ക് യാത്രതിരിച്ചു. യാത്രയ്ക്കിടെ യുവതിയുമായി വഴക്കുണ്ടായി. ആസ്തമ രോഗിയായ യുവതിക്ക് ശ്വാസതടസം അനുഭവപ്പെട്ടു. ഇതോടെ കൈയിലുണ്ടായിരുന്ന മൂന്ന് മരുന്നുകള്‍ യോജിപ്പിച്ച് ഇസ്മയില്‍ യുവതിക്ക് കുത്തിവെച്ചു. തുടര്‍ന്ന് യുവതി അബോധാവസ്ഥയിലാവുകയും പിന്നാലെ ടൗവല്‍ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

മരണം ഉറപ്പിച്ചതോടെ മൃതദേഹവുമായി കാറില്‍ വീണ്ടും സഞ്ചരിച്ചു. ഹരിയാണയിലെ കുരുക്ഷേത്രയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ മൃതദേഹം അവിടെ ഉപേക്ഷിച്ച് ഡോക്ടര്‍ നാട്ടിലേക്ക് തിരിച്ചു. സംഭവത്തിന് ശേഷം യാതൊരു ഭാവവ്യത്യാസവുമില്ലാതെ ക്ലിനിക്കില്‍ ജോലി തുടരുകയുമായിരുന്നു. പ്രതിക്കെതിരെ കൊലപാതകക്കുറ്റം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com