ജയ്പുര്‍, ഡല്‍ഹി സ്വര്‍ണക്കടത്തു കേസുകളിലും എന്‍ഐഎ അന്വേഷണം; രാജ്യാന്തര ഗൂഢാലോചന, ലക്ഷ്യം ഭീകരവാദം തന്നെയെന്ന് കേന്ദ്രം

ഭീകരവാദികളും സ്വര്‍ണക്കടത്തുകാരും ഉള്‍പ്പെട്ട രാജ്യാന്തര ഗൂഢാലോചന രണ്ടു കേസിലും ഉള്ളതായാണ് എന്‍ഐഎ സംശയിക്കുന്നത്
ജയ്പുര്‍, ഡല്‍ഹി സ്വര്‍ണക്കടത്തു കേസുകളിലും എന്‍ഐഎ അന്വേഷണം; രാജ്യാന്തര ഗൂഢാലോചന, ലക്ഷ്യം ഭീകരവാദം തന്നെയെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വഴിയുള്ള കള്ളക്കടത്തിനു പിന്നാലെ രാജ്യത്തെ മറ്റു രണ്ടു സ്വര്‍ണക്കടത്തു കേസുകളില്‍ കൂടി ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങി. രാജസ്ഥാനിലും ഡല്‍ഹിയിലും സ്വര്‍ണം പിടിച്ചതിനു പിന്നിലെ രാജ്യാന്തര ഭീകര ബന്ധങ്ങളെക്കുറിച്ച് എന്‍ഐഎ അന്വേഷണം തുടങ്ങിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

രാജസ്ഥാനില്‍ ജൂലൈ മൂന്നിന് 18.5 കിലോ സ്വര്‍ണമാണ് പൊലീസ് പിടികൂടിയത്. ഡല്‍ഹിയില്‍ ഓഗസ്റ്റ് 28ന് 83 കിലോ സ്വര്‍ണം ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സ് പിടിച്ചെടുത്തു. ഭീകരവാദികളും സ്വര്‍ണക്കടത്തുകാരും ഉള്‍പ്പെട്ട രാജ്യാന്തര ഗൂഢാലോചന രണ്ടു കേസിലും ഉള്ളതായാണ് എന്‍ഐഎ സംശയിക്കുന്നത്. പാക് ചാര സംഘടനയായ ഐഎസ്‌ഐക്ക് ഇതില്‍ ബന്ധമുണ്ടോയെന്നും സംശയമുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ജയ്പുരിലും ഡല്‍ഹിയിലും സ്വര്‍ണം പിടിച്ച സംഭവങ്ങള്‍ക്ക് കേരളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധമൊന്നും കണ്ടെത്തിയിട്ടില്ല. കേരള സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ കെടി റമീശ്, എം ഷറഫുദ്ദീന്‍ എന്നിവര്‍ക്ക് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബ്ന്ധമുള്ളതായി എന്‍ഐഎ കോടതിയില്‍ പരാമര്‍ശിച്ചിരുന്നു.

രാജ്യത്ത് ആദ്യമായി സ്വര്‍ണക്കടത്തിന് യുഎപിഎ ചുമത്തിയത് തിരുവനന്തപുരം നയതന്ത്ര ചാനല്‍ വഴിയുള്ള കള്ളക്കടത്തു കേസിലാണ്. ഇതിനു പിന്നാലെയാണ് ജയ്പുര്‍, ഡല്‍ഹി സ്വര്‍ണക്കള്ളക്കടത്ത് കേസ് എന്‍ഐഎ ഏറ്റെടുത്തത്. 

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അപകടത്തിലാക്കാനും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കു പണം കണ്ടെത്താനും ലക്ഷ്യമിട്ടാണ് സ്വര്‍ണക്കള്ളക്കടത്തെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിഗമനം. ഇതിനായി വിദേശത്ത് ഗൂഢാലോചന നടക്കുന്നുണ്ട്. അതിന്റെ സൂത്രധാരനെ കണ്ടെത്താനാണ് അന്വേഷണം ലക്ഷ്യമിടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com