വിളഞ്ഞു കിടക്കുന്ന ചോളം, വെളളം പോലും തേവരുതെന്ന് സിബിഐ; സ്വന്തം വയലിലേക്ക് കടക്കാനാവാതെ കര്‍ഷകന്‍, ഹാഥ്‌രസിലെ ക്രൂരതയ്ക്ക് ഇങ്ങനെയും ഒരു പാര്‍ശ്വഫലം

ഹാഥ്‌രസില്‍ പെണ്‍കുട്ടി മേല്‍ജാതിക്കാരുടെ ആക്രമണത്തിന് ഇരയായി മരിച്ച സംഭവത്തില്‍ തന്റേതല്ലാത്ത കാരണത്താല്‍ ദുരിതം നേരിടേണ്ടി വന്നിരിക്കുകയാണ് ഒരു കര്‍ഷകന്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലക്‌നൗ: ഹാഥ്‌രസില്‍ പെണ്‍കുട്ടി മേല്‍ജാതിക്കാരുടെ ആക്രമണത്തിന് ഇരയായി മരിച്ച സംഭവത്തില്‍ തന്റേതല്ലാത്ത കാരണത്താല്‍ ദുരിതം നേരിടേണ്ടി വന്നിരിക്കുകയാണ് ഒരു കര്‍ഷകന്. സംഭവം നടന്ന സ്ഥലം തന്റേതായി പോയി എന്ന കാരണം കൊണ്ട് സ്വന്തം സ്ഥലത്ത് പോലും പ്രവേശിക്കാന്‍ കഴിയാതെയാണ് കര്‍ഷകന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഏറെ പ്രതീക്ഷയോടെ വിളവിറക്കിയ കര്‍ഷകനാണ് പണവും മാസങ്ങളുടെ അധ്വാനവും നഷ്ടമായത്. ഇത് നികത്തി കിട്ടാന്‍ സര്‍ക്കാരിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ് കര്‍ഷകന്‍.

തെളിവ് നശിക്കാതിരാക്കാന്‍ കൃഷിയിടത്തില്‍ ഒന്നും ചെയ്യരുതെന്നാണ് കൂട്ട ബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി മരിച്ച സംഭവം അന്വേഷിക്കുന്ന സിബിഐ കര്‍ഷകനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബൂള്‍ഗാരി ഗ്രാമത്തിലെ കര്‍ഷകന്റേതാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായ സംഭവസ്ഥലം. കേസുമായി യാതൊരുവിധ ബന്ധവുമില്ലാത്ത കര്‍ഷകനാണ് കേസന്വേഷണത്തെ തുടര്‍ന്ന് ദുരിതത്തിലായത്. കുറ്റകൃത്യം നടന്ന സ്ഥലം എന്ന നിലയില്‍ കൃഷിയിടത്തില്‍ വലയം തീര്‍ത്തിരിക്കുകയാണ് സിബിഐ. തെളിവ് എന്ന നിലയില്‍ സ്ഥലത്ത് നിന്ന് വിട്ടുനില്‍ക്കാനും കര്‍ഷകനോട് സിബിഐ ആവശ്യപ്പെട്ടു.

കൃഷിയുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനങ്ങളും ഇവിടെ നടത്തരുതെന്ന് സിബിഐ നിര്‍ദേശിച്ചു. ജലസേചനം, വിളവെടുപ്പ് തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനവും നടത്തരുത്. കേസില്‍ തെളിവിന്റെ ഭാഗമായി സ്ഥലം സംരക്ഷിക്കേണ്ടതുണ്ടെന്നാണ് സിബിഐ പറഞ്ഞതെന്നും കര്‍ഷകന്‍ പറയുന്നു. 

ചോള കൃഷിയാണ് നടത്തിയിരുന്നത്. കൃഷിഭൂമിയില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത പശ്ചാത്തലത്തില്‍ 50000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കൂടാതെ മാസങ്ങള്‍ നീണ്ട അധ്വാനവും നഷ്ടമായി. ചോള കൃഷിയില്‍ ഉണ്ടായ നഷ്ടത്തിന് നഷ്ടപരിഹാരം വേണമെന്ന് കര്‍ഷകന്‍ ആവശ്യപ്പെട്ടു.

24കാരനാണ് സ്ഥലത്തിന്റെ ഉടമ. ജയ്പൂരില്‍ ജോലി ചെയ്യുന്ന 24കാരന്‍ കരാര്‍ അടിസ്ഥാനത്തിലാണ് ഭൂമി കൃഷിക്ക് നല്‍കിയത്. അടുത്തിടെയാണ് 24കാരന്‍ ജയ്പൂരില്‍ നിന്ന് നാട്ടില്‍ എത്തിയത്. കൃഷിയിടത്തില്‍ വിള ഉണങ്ങി നശിക്കുന്നതാണ് കണ്ടത്.ജലസേചനത്തിന് തൊഴിലാളികളെ സിബിഐ അനുവദിക്കാത്തതാണ് ഇതിന് കാരണം. കേസുമായി യാതൊരു ബന്ധവുമില്ലാത്ത തനിക്ക് നേരിട്ട നഷ്ടം സര്‍ക്കാര്‍ നികത്തണമെന്ന് കര്‍ഷകന്‍ ആവശ്യപ്പെട്ടു.

സെപ്റ്റംബര്‍ 14നാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. സെപ്റ്റംബര്‍ 29ന് ചികിത്സയിലിരിക്കേ ഡല്‍ഹി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com