ഫലം വന്നപ്പോള്‍ തോറ്റു, ഉന്നത വിജയം നേടുമെന്ന ആത്മവിശ്വാസത്തില്‍ റീവാലുവേഷന്‍; നീറ്റ് പരീക്ഷയില്‍ 17കാരന്‍ എസ്ടി വിഭാഗത്തില്‍ ഒന്നാമത് 

ഒക്ടോബര്‍ 16നാണ് നീറ്റ് ഫലം പ്രഖ്യാപിച്ചത്
ഫലം വന്നപ്പോള്‍ തോറ്റു, ഉന്നത വിജയം നേടുമെന്ന ആത്മവിശ്വാസത്തില്‍ റീവാലുവേഷന്‍; നീറ്റ് പരീക്ഷയില്‍ 17കാരന്‍ എസ്ടി വിഭാഗത്തില്‍ ഒന്നാമത് 

ജയ്പൂര്‍: മെഡിക്കല്‍ പ്രവേശനത്തിനുളള അഖിലേന്ത്യാ പരീക്ഷയായ നീറ്റിന്റെ ഫലം വന്ന ദിവസത്തെ കുറിച്ച് ഓര്‍ക്കാന്‍ പോലും ആഗ്രഹിക്കുന്നില്ല രാജസ്ഥാനിലെ ഈ 17കാരന്‍. ഉത്തര സൂചിക നോക്കി ഉയര്‍ന്ന മാര്‍ക്ക് ഉറപ്പുവരുത്തി കാത്തിരിക്കുന്ന സമയത്താണ് ദുഃസ്വപ്‌നം പോലെ താന്‍ പ്രവേശന പരീക്ഷയില്‍ തോറ്റു എന്ന് വിദ്യാര്‍ഥി അറിയുന്നത്. പരീക്ഷാ ഫലത്തെ ചോദ്യം ചെയ്ത രാജസ്ഥാന്‍ സ്വദേശി മൃദുല്‍ റാവത്തിന്റെ ഉത്തരക്കടലാസ് വീണ്ടും പരിശോധിച്ചപ്പോള്‍ അഖിലേന്ത്യാ തലത്തില്‍ എസ്ടി വിഭാഗത്തില്‍ ഒന്നാം റാങ്കുകാരനായതോടെ സങ്കടം സന്തോഷത്തിലേക്ക് വഴിമാറി. വിധി പന്താടിയപ്പോള്‍ ദിവസങ്ങളോളമാണ് വിദ്യാര്‍ഥി മാനസിക സമ്മര്‍ദം നേരിട്ടത്.

ഒക്ടോബര്‍ 16നാണ് നീറ്റ് ഫലം പ്രഖ്യാപിച്ചത്. രാജസ്ഥാന്‍ സവായ് മധോപൂര്‍ ജില്ലക്കാരനായ 17കാരന് അതൊരു നല്ല ദിവസമായിരുന്നില്ല. പരീക്ഷയില്‍ തോറ്റു എന്ന വിവരമാണ് ലഭിച്ചത്. 720ല്‍ 329 മാര്‍ക്കാണ് ആകെ ലഭിച്ചത്. ഫലം അറിഞ്ഞ് 17കാരന്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ തരിച്ചുനിന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ഉത്തരസൂചിക അനുസരിച്ച് കണക്കുകൂട്ടിയപ്പോള്‍ 650 മാര്‍ക്കാണ് ലഭിച്ചത്. അതിനാല്‍ നീറ്റ് പരീക്ഷയില്‍ മികച്ച വിജയം ലഭിക്കുമെന്ന ആത്മവിശ്വാസത്തില്‍ നില്‍ക്കുമ്പോഴാണ് നടുക്കുന്ന ഫലം പുറത്തുവന്നതെന്ന് മൃദുല്‍ പറയുന്നു.

ഉത്തരസൂചികയും ഒഎംആര്‍ ഷീറ്റും ഉപയോഗിച്ച് നീറ്റ് ഫലം ചോദ്യം ചെയ്തതോടെയാണ് യാഥാര്‍ത്ഥ്യം പുറത്തുവന്നത്. ഉത്തരക്കടലാസ് വീണ്ടും പരിശോധിച്ചപ്പോള്‍ 650 മാര്‍ക്കാണ് കുട്ടിക്ക് ലഭിച്ചത്. മാര്‍ക്ക് കൂട്ടുന്നതില്‍ തെറ്റ് പറ്റിയതായി അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com