വരാനിരിക്കുന്നത് ഉത്സവകാലം; ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

രാജ്യം കോവിഡിനെ ശക്തമായി നേരിട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
വരാനിരിക്കുന്നത് ഉത്സവകാലം; ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി:  രാജ്യം കോവിഡിനെ ശക്തമായി നേരിട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഘോഷങ്ങളില്‍ ജാഗ്രത കുറയ്ക്കരുതെന്നും അതിനുള്ള സമയമായിട്ടില്ലെന്നും മോദി പറഞ്ഞു. ഉത്സവകാലത്ത് കോവിഡിനെതിരെ അതീവ ജാഗ്രത വേണം. കടകമ്പോളങ്ങളില്‍ തിരക്കേറാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ പുറത്തിറങ്ങുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് മോദി പറഞ്ഞു.

കോവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ പാലിക്കുന്നതില്‍ ചിലര്‍ വിമുഖത കാണിക്കുന്നു. വൈറസിനെ ലഘുവായാണ് ചിലര്‍ കാണുന്നത്. മാസ്‌കില്ലാതെ പുറത്തിറങ്ങുന്നത് മറ്റുള്ളവരുടെ ജീവന്‍ കൂടി അപകടത്തിലാക്കുകയാണ്. ലോക്ക്ഡൗണ്‍ മാത്രമെ രാജ്യത്ത് പിന്‍വലിച്ചിട്ടുള്ളു. വൈറസ് രാജ്യം വിട്ടുപോയിട്ടില്ലെന്നും മോദി പറഞ്ഞു. 

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി സാവധാനം പൂര്‍വസ്ഥിതിയിലേക്ക് മടങ്ങിവരികയാണ്. ഇന്ത്യയിലെ പോസിറ്റിവിറ്റി നിരക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. പുറത്തിറങ്ങുമ്പോള്‍ എല്ലാവരും മാസ്‌ക് ധരിക്കാന്‍ ശ്രിദ്ധിക്കണം.  രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം നല്ല നിലയിലാണ്.  മരണനിരക്ക് കുറവാണ്. ആകെ ജനസംഖ്യയില്‍ 10 ലക്ഷം പേരില്‍ 5500 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് ബാധിക്കുന്നത്.

എന്നാല്‍ യുഎസ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ 10 ലക്ഷത്തില്‍ 25,000 പേര്‍ക്കു രോഗം ബാധിക്കുന്നു. പത്തു ലക്ഷത്തില്‍ 83 എന്നതാണ് ഇന്ത്യയിലെ മരണനിരക്ക്. എന്നാല്‍ യുഎസ്, ബ്രസീല്‍, സ്‌പെയിന്‍, ബ്രിട്ടന്‍ തുടങ്ങിയ മറ്റു രാജ്യങ്ങളില്‍ ഇത് 600നു മുകളിലാണ്. എല്ലാ രാജ്യങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ കോവിഡ് വാക്‌സീന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇന്ത്യയും അതിനുള്ള തീവ്രശ്രമത്തിലാണ്.

വാക്‌സീന്‍ തയാറായാലുടന്‍ എല്ലാ ഇന്ത്യക്കാര്‍ക്കും പെട്ടെന്ന് ലഭ്യമാക്കാന്‍ ശ്രമിക്കും. ഇന്ത്യയില്‍ 90 ലക്ഷത്തോളം കോവിഡ് രോഗികള്‍ക്കുള്ള കിടക്കകള്‍ സജ്ജമാണ്. 12,000 ക്വാറന്റീന്‍ സെന്ററുകള്‍, 2000ത്തോളം കോവിഡ് പരിശോധനാ ലാബുകള്‍ എന്നിവയുണ്ട്. പത്ത് കോടിയോളം ആളുകളില്‍ പരിശോധന അടുത്തുതന്നെ പൂര്‍ത്തിയാകും. കോവിഡിനെതിരെയുള്ള നമ്മുടെ പോരാട്ടത്തില്‍ പരിശോധന വര്‍ധിപ്പിക്കുന്നത് കൂടുതല്‍ കരുത്ത് പകരുമെന്നും മോദി പറഞ്ഞു. ലോക്ഡൗണിനുശേഷം ഏഴാംതവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com