ഇന്ത്യകാണാനെത്തി കുടുങ്ങി റഷ്യന്‍ യുവാവ്, തിരിച്ചുപോകാന്‍ പണമില്ലാതെ ഭിക്ഷയെടുത്തു; സഹായമായി പൊലീസുകാരന്‍ 

വീടുകളില്‍ നിന്ന് പണം സംഘടിപ്പിച്ച് സുഹൃത്തുക്കള്‍ തിരികെപ്പോയി. അലക്‌സാണ്ടറാകട്ടെ മുംബൈയിലെ റോഡരികില്‍ മടക്കയാത്രയ്ക്കുള്ള പണം സംഘടിപ്പിക്കാന്‍ ഭിക്ഷയാചിച്ചു
ഇന്ത്യകാണാനെത്തി കുടുങ്ങി റഷ്യന്‍ യുവാവ്, തിരിച്ചുപോകാന്‍ പണമില്ലാതെ ഭിക്ഷയെടുത്തു; സഹായമായി പൊലീസുകാരന്‍ 

സുഹൃത്തുക്കള്‍ക്കൊപ്പം ഇന്ത്യ കാണാനെത്തിയതാണ് റഷ്യക്കാരനായ അലക്‌സാണ്ടര്‍ എന്ന 29കാരന്‍. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനത്തോടെയാണ് യുവാവും അഞ്ച് സുഹൃത്തുക്കളും ഇവിടെയെത്തുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നാട്ടിലേക്ക് മടങ്ങാനാകാതെ കുടുങ്ങിപ്പോകുകയായിരുന്നു ഇവര്‍. ഭക്ഷണത്തിനും താമസത്തിനുമായി ചിലവിട്ട് കൈയിലെ പണമെല്ലാം തീര്‍ന്നു. ഇതിനിടയില്‍ വീടുകളില്‍ നിന്ന് പണം സംഘടിപ്പിച്ച് സുഹൃത്തുക്കള്‍ തിരികെപ്പോയി. അലക്‌സാണ്ടറാകട്ടെ മുംബൈയിലെ റോഡരികില്‍ മടക്കയാത്രയ്ക്കുള്ള പണം സംഘടിപ്പിക്കാന്‍ ഭിക്ഷയാചിക്കുകയാണ്. 

"ദയവായി സഹായിക്കണം. ഞാന്‍ ഒരു റഷ്യന്‍ വിനോദസഞ്ചാരിയാണ്. വീട്ടിലേക്ക് മടങ്ങാന്‍ പണമില്ല", ഇങ്ങനെ എഴുതിയ ബോര്‍ഡിനരികിലാണ് അലക്‌സാണ്ടര്‍ ഇരിക്കുന്നത്. സുഹൃത്തുക്കള്‍ക്ക് ബന്ധുക്കള്‍ പണം അയച്ചു നല്‍കി, എന്റെ അമ്മയ്ക്ക് പണമില്ലാത്തതിനാല്‍ വിമാനടിക്കറ്റിനുള്ള പൈസ കണ്ടെത്താന്‍ കഴിഞ്ഞില്ല, അലക്‌സാണ്ടര്‍ പറയുന്നു. 

ഡിസംബറില്‍ ഇന്ത്യയിലെത്തിയ യുവാവ് ട്രെയിന്‍ മാര്‍ഗ്ഗം ആദ്യം ഗോവയിലേക്കാണ് പോയത്. ഇവിടെ താമസിക്കുന്നതിനിടയിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ജൂണ്‍ വരെ ഗോവയില്‍ താമസിക്കേണ്ടിവന്നു. ജൂലൈ ആയപ്പോള്‍ കൈയിലെ പണമെല്ലാം തീര്‍ന്നു. ഭക്ഷണത്തിനായി തെരുവുകളില്‍ യാചിച്ചു. ഓഗസ്റ്റില്‍ ലോക്ക്ഡൗണ്‍ ഇളവ് ലഭിച്ചപ്പോള്‍ ഗോവ വിട്ടു. ലോറി കേറി ഋഷികേശിലെത്തി. അവിടെ രണ്ട് മാസം താമസിച്ചു. ഗ്വാളിയാറിലേക്ക് പോകാന്‍ കുറച്ച് ആളുകള്‍ പണം തന്നെന്ന് യുവാവ് പറയുന്നു. ഒക്ടോബര്‍ ആദ്യ ആഴ്ചകളില്‍ ഞാന്‍ അവിടെയായിരുന്നു. നാട്ടുകാര്‍ ഭക്ഷണം തന്നു, അവരുടെ വീടുകള്‍ക്ക് മുന്നില്‍ ഉറങ്ങാന്‍ അനുവദിച്ചു. ട്രക്കില്‍ കയറിയാണ് ഇപ്പോള്‍ നവി മുംബൈയില്‍ എത്തിയത് - അലക്‌സാണ്ടര്‍ പറഞ്ഞു. 

ഭിക്ഷയാചിക്കുന്ന അലക്‌സാണ്ടറെ കണ്ട പൊലീസ് ഇന്‍സ്‌പെക്ടര്‍ രവീന്ദ്ര ദൗന്ത്കര്‍ യുവാവിന്റെ സഹായത്തിനെത്തി. ഇപ്പോള്‍ ഇയാള്‍ക്ക് വേണ്ട താമസവും ഭക്ഷണവും പൊലീസ് സ്റ്റേഷനില്‍ ഒരുക്കി. റഷ്യല്‍ എംബസിയുമായി ബന്ധപ്പെട്ടെന്നും യുവാവിന്റെ മടക്കയാത്രയ്ക്ക് വേണ്ട നടപടികള്‍ക്ക് ശ്രമിക്കുകയാണെന്നും ദൗന്ത്കര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com