'ഐറ്റം' പരാമര്‍ശം: 48 മണിക്കൂറിനകം വിശദീകരണം നല്‍കണം; കമല്‍നാഥിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

മധ്യപ്രദേശിലെ ബിജെപി മന്ത്രി ഇമര്‍തി ദേവിക്കെതിരായ 'ഐറ്റം' പരാമര്‍ശത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി
'ഐറ്റം' പരാമര്‍ശം: 48 മണിക്കൂറിനകം വിശദീകരണം നല്‍കണം; കമല്‍നാഥിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

ഭോപ്പാല്‍: മധ്യപ്രദേശിലെ ബിജെപി മന്ത്രി ഇമര്‍തി ദേവിക്കെതിരായ 'ഐറ്റം' പരാമര്‍ശത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി. വിവാദ പരാമര്‍ശത്തില്‍ 48 മണിക്കൂറിനകം വിശദീകരണം നല്‍കാന്‍ കമല്‍നാഥിനോട് കമ്മീഷന്‍ നിര്‍ദേശിച്ചു.

മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, പെരുമാറ്റച്ചട്ടം നിലവിലുണ്ട്. ഈ പശ്ചാത്തലത്തില്‍ വിദ്വേഷം സൃഷ്ടിക്കുന്നതോ വിഭാഗീയത ഉയര്‍ത്തുന്ന തരത്തിലുള്ളതോ ആയ പ്രവര്‍ത്തനങ്ങളോ പരാമര്‍ശങ്ങളോ രാഷ്ട്രീയ കക്ഷികളുടേയും നേതാക്കളുടേയും ഭാഗത്തുനിന്ന് ഉണ്ടാവരുതെന്നാണ് ചട്ടം.  കമല്‍നാഥ് ഈ ചട്ടം ലംഘിച്ചോ എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുന്നത്.

നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഗ്വാളിയറിലെ ദാബ്രയില്‍ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ് യോഗത്തിലാണ് മന്ത്രിക്കെതിരെ കമല്‍നാഥ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. അടുത്തിടെ ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം കോണ്‍ഗ്രസില്‍നിന്ന് കൂറുമാറി ബിജെപിയിലെത്തിയ നേതാക്കളിലൊരാളാണ് മന്ത്രി ഇമര്‍തി ദേവി.

പരാമര്‍ശം വിവാദമായതോടെ കമല്‍നാഥ് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.അനാദരമുണ്ടാക്കുന്ന ഒന്നും ഞാന്‍ പറഞ്ഞില്ലെന്നും സ്ത്രീകളെ ബഹുമാനിക്കുന്നു എന്നുമാണ് കമല്‍നാഥ് മാധ്യമങ്ങളോട് പറഞ്ഞത്. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പരാമര്‍ശത്തെ തള്ളിപ്പറഞ്ഞതിനു പിന്നാലെയാണ് കമല്‍നാഥിന്റെ ഖേദപ്രകടനം. സംഭവത്തില്‍ ദേശീയ വനിതാകമ്മിഷനും കമല്‍നാഥിനോട് വിശദീകരണം തേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com