'ബലാത്സംഗ കുറ്റം എന്റെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു, ഫഡ്‌നാവിസ് ജീവിതം തകര്‍ത്തു'; ഏകനാഥ് ഖഡ്‌സെ ബിജെപി വിട്ടു, എന്‍സിപിയിലേക്ക് 

മുതിര്‍ന്ന ബിജെപി നേതാവ് ഏക്‌നാഥ് ഖഡ്‌സെ പാര്‍ട്ടി വിട്ടു
'ബലാത്സംഗ കുറ്റം എന്റെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു, ഫഡ്‌നാവിസ് ജീവിതം തകര്‍ത്തു'; ഏകനാഥ് ഖഡ്‌സെ ബിജെപി വിട്ടു, എന്‍സിപിയിലേക്ക് 

മുംബൈ: മുതിര്‍ന്ന ബിജെപി നേതാവ് ഏക്‌നാഥ് ഖഡ്‌സെ പാര്‍ട്ടി വിട്ടു. മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെ രൂക്ഷമായി വിമര്‍ശിച്ച ഏക്‌നാഥ് ഖഡ്‌സെ എന്‍സിപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ ജീവിതം ദേവേന്ദ്ര ഫട്‌നാവിസ് തകര്‍ത്തു എന്നാണ് ഏക്‌നാഥ് ഖഡ്‌സെയുടെ വിമര്‍ശനം.

ഏക്‌നാഥ് ഖഡ്‌സെ പാര്‍ട്ടിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ച് എന്‍സിപി. ഏക്‌നാഥ് ഖഡ്‌സെ എന്‍സിപിയില്‍ ചേരുമെന്ന് മഹാരാഷ്ട്ര മന്ത്രി ജയന്ത് പാട്ടീല്‍ മാധ്യമങ്ങളോട് പറഞ്ഞു. വെളളിയാഴ്ച ഖഡ്‌സെ എന്‍സിപിയില്‍ ചേരുമെന്നും അദ്ദേഹം അറിയിച്ചു. 

2016ല്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഫഡ്‌നാവിസ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത് മുതല്‍ നേതൃത്വവുമായി അകന്നു കഴിയുകയാണ് ഖഡ്‌സെ. കഴിഞ്ഞ ഏതാനും ദിവസമായി ഖഡ്‌സെ പാര്‍ട്ടി വിടുമെന്നത് സംബന്ധിച്ച് അഭ്യൂഹം ഉയര്‍ന്നിരുന്നു. ഈ അഭ്യൂഹം ദേവേന്ദ്ര ഫഡ്‌നാവിസ് തളളിയതിന് പിന്നാലെയാണ് അദ്ദേഹം എന്‍സിപിയില്‍ ചേരുമെന്ന് ജയന്ത് പാട്ടീല്‍ വ്യക്തമാക്കിയത്.

'ഫഡ്‌നാവിസ് എന്റെ ജീവിതം തകര്‍ത്തു. നാലുവര്‍ഷം മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. നിങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകാന്‍ നിര്‍ബന്ധിക്കുന്നു എന്ന് പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി വിടുന്നതില്‍ ദുഃഖം ഉണ്ട്. പക്ഷേ എന്റെ മുന്നില്‍ മറ്റു വഴികള്‍ ഇല്ല. ബലാത്സംഗ കുറ്റം എന്റെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ അവര്‍ ശ്രമിച്ചു'- ഏക്‌നാഥ് ഖഡ്‌സെ പറഞ്ഞു.

മഹാരാഷ്ട്രയിലെ പ്രബല സമുദായമായ ലേവാ പാട്ടീല്‍ സമുദായത്തിന്റെ നേതാവ് കൂടിയാണ് ഖഡ്‌സെ. മഹാരാഷ്ട്രയില്‍ ബിജെപിയുടെ പ്രതിപക്ഷ നേതാവായിരുന്നു. ഫഡ്‌നാവിസ് മന്ത്രിസഭയില്‍ രണ്ടാമനായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കും അദ്ദേഹത്തിന്റെ പേര് ഉയര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com