രാഹുല്‍ഗാന്ധി കുമിളയ്ക്കുള്ളിൽ ; യാഥാർത്ഥ്യം അറിയുന്നില്ല ; രൂക്ഷ വിമര്‍ശനവുമായി ഖുശ്ബു

കോണ്‍ഗ്രസില്‍ പ്രീതിപ്പെടുത്തല്‍ രാഷ്ട്രീയമാണ് നടക്കുന്നതെന്നും  ഖുശ്ബു തുറന്നടിച്ചു
രാഹുല്‍ഗാന്ധി കുമിളയ്ക്കുള്ളിൽ ; യാഥാർത്ഥ്യം അറിയുന്നില്ല ; രൂക്ഷ വിമര്‍ശനവുമായി ഖുശ്ബു

ചെന്നൈ : കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടിയും ബിജെപി നേതാവുമായ ഖുശ്ബു. കുമിളയ്ക്കുള്ളിലാണ് രാഹുല്‍ ഗാന്ധി. അതിനെ ചുറ്റിയുള്ള സംഘത്തിന് നടുവിലാണ് രാഹുല്‍. ഇനിയെങ്കിലും രാഹുല്‍ ഉണരുമെന്നും, പാര്‍ട്ടിയില്‍ വര്‍ധിച്ചു വരുന്ന അസംതൃപ്തിയെക്കുറിച്ച് മനസ്സിലാക്കുമെന്നുമാണ് താന്‍ വിചാരിക്കുന്നതെന്നും ഖുശ്ബു പറഞ്ഞു. 

കോണ്‍ഗ്രസില്‍ പ്രീതിപ്പെടുത്തല്‍ രാഷ്ട്രീയമാണ് നടക്കുന്നതെന്നും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ്‌ല, സീനിയര്‍ ജേര്‍ണലിസ്റ്റ് കാവേരി ബൊംസായി എന്നിവരുമായി നടത്തിയ അഭിമുഖത്തില്‍ ഖുശ്ബു തുറന്നടിച്ചു. രാഹുലിനെ ചുറ്റിപ്പറ്റിയുള്ള കുമിള ഒട്ടും സുതാര്യമല്ല. പാര്‍ട്ടിയില്‍ എല്ലാം ഭദ്രമെന്ന് ചുറ്റുമുള്ള വൃന്ദം രാഹുലിനെ ധരിപ്പിക്കുന്നു. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചുകൊണ്ടുള്ള രാജിക്കത്ത് ഫെബ്രുവരിയില്‍ തന്നെ തയ്യാറാക്കിയിരുന്നു. എന്നാല്‍ സോണിയാഗാന്ധിയെ നേരില്‍ കാണാന്‍ സാധിക്കാത്തതിനാല്‍ കൈമാറിയില്ല.

താന്‍ മാത്രമല്ല, തന്നെപ്പോലെ നിരവധി അസംതൃപ്തര്‍ കോണ്‍ഗ്രസിലുണ്ട്. ഒതുക്കപ്പെട്ട ഇവര്‍ തുറന്നുപറയാനുള്ള ധൈര്യമില്ലാതെ കഴിയുകയാണ്. രാജിവെച്ച തന്നെ അഭിനന്ദിച്ച് നിരവധി കോണ്‍ഗ്രസുകാരാണ് വിളിച്ചതെന്നും ഖുശ്ബു പറഞ്ഞു. അപമാനം സഹിച്ചാണ് ഏതാനും വര്‍ഷങ്ങളായി കോണ്‍ഗ്രസില്‍ കഴിഞ്ഞത്.  തന്റെ മാന്യത പോലും ചോദ്യം ചെയ്യപ്പെട്ടു. ഏറ്റവും അടിസ്ഥാന തലം വരെ ശുദ്ധീകരിച്ചാല്‍ മാത്രമേ കോണ്‍ഗ്രസിന് ഇനി ശക്തിയാര്‍ജ്ജിക്കാനാകൂ എന്നും ഖുശ്ബു അഭിപ്രായപ്പെട്ടു. 

തിരിഞ്ഞു നോക്കുമ്പോള്‍ കോണ്‍ഗ്രസിലായിരുന്നതില്‍ ലജ്ജ തോന്നുന്നുവെന്ന് ഖുശ്ബു പറഞ്ഞു. അതേസമയം, തന്നെ കോണ്‍ഗ്രസില്‍ ഒതുക്കാന്‍ ശ്രമിച്ചവര്‍ ആരൊക്കെയെന്ന് വെളിപ്പെടുത്താന്‍ ഖുശ്ബു കൂട്ടാക്കിയില്ല. രാഷ്ട്രീയത്തില്‍ സ്ഥിരമായി ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന്, ബിജെപിയിലേക്കുള്ള കൂടുമാറ്റത്തെ ന്യായീകരിച്ചുകൊണ്ട് ഖുശ്ബു പറഞ്ഞു. ബിജെപി തന്നെ സമീപിച്ചപ്പോള്‍ ഒന്നിലധികം തവണ  'ഇല്ല' എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും പിന്നീട് പുനര്‍വിചിന്തനം നടത്തുകയായിരുന്നുവെന്നും ഖുശ്ബു വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com