മരുഭൂമിയില്‍ 1.72 ലക്ഷം വര്‍ഷം മുന്‍പ് ഒഴുകിയ നദി കണ്ടെത്തി

മരുഭൂമിയില്‍ 1.72 ലക്ഷം വര്‍ഷം മുന്‍പ് ഒഴുകിയ നദി കണ്ടെത്തി

രാജസ്ഥാനിലെ ബിക്കാനേറിന് അടുത്തുള്ള ഇപ്പോഴത്തെ നദിയില്‍ നിന്ന് 200 കിമീ അകലെ മറ്റൊരു നദി കൂടി ഒഴുകിയിരുന്നു

ന്യൂഡല്‍ഹി: ഥാര്‍ മരുഭൂമിയിലൂടെ 1.72 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നദി ഒഴുകിയിരുന്നതായി അവകാശപ്പെട്ട് ഗവേഷകര്‍. രാജസ്ഥാനിലെ ബിക്കാനേറിന് അടുത്തുള്ള ഇപ്പോഴത്തെ നദിയില്‍ നിന്ന് 200 കിമീ അകലെ മറ്റൊരു നദി കൂടി ഒഴുകിയിരുന്നു എന്ന് വ്യക്തമാക്കുന്ന തെളിവുകളുമായാണ് ഗവേഷകരുടെ വരവ്. 

ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സയന്‍സ് ഓഫ് ഹ്യൂമണ്‍ ഹിസ്റ്ററി, തമിഴ്‌നാട്ടിലെ അണ്ണാ സര്‍വകലാശാല, ഐഎസ്ഇആര്‍ കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ഗവേഷകര്‍ ചേര്‍ന്ന സംഘം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഇത് ക്വാര്‍ട്ടനറി സയന്‍സ് റിവ്യൂസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചു. 

ഈ നദി ഇല്ലാതായത് ഗഗ്ഗര്‍-ഹക്ര പോലുള്ള രാജസ്ഥാനിലെ മറ്റ് നദികളുടെ വരള്‍ച്ചക്ക് ഇടയാക്കി. ഇവിടെ ഒഴുകിയിരുന്നതായി പറയപ്പെടുന്ന നദി പ്രാചിന ശിലായുഗത്തിലെ മനുഷ്യരുടെ അതിജീവനത്തിന് സഹായിച്ചിരുന്നതായും കുടിയേറ്റത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നായിരുന്നതായും ഗവേഷകര്‍ പറയുന്നു. 

ശിലാ യുഗത്തില്‍ ഥാര്‍ മരുഭൂമിയില്‍ മനുഷ്യര്‍ താമസിച്ചിരുന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഭൂപ്രകൃതിയില്‍ നിന്ന് വ്യത്യസ്തമായിരുന്നതായിരിക്കാം അപ്പോഴത്തെ ഥാര്‍ മരുഭൂമി. ഇന്നത്തേതിനേക്കാള്‍ ദുര്‍ബലമായിരുന്നു ഇവിടെ മണ്‍സൂണ്‍ എന്നാണ് കരുതപ്പെടുന്നത്. എന്നിട്ടും അതിശക്തമായാണ് ഇതിലൂടെ നദി ഒഴുകി കൊണ്ടിരുന്നത്. ആഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഹോമോ സാപിയന്‍സിന്റെ കുടിയേറ്റത്തിന് നദിയുമായി ബന്ധമുണ്ടെന്നും പഠനത്തില്‍ പറയുന്നു. 

ശിലായുഗത്തില്‍ കഴിഞ്ഞിരുന്നവര്‍ എങ്ങനെയാണ് ഥാര്‍ മരുഭൂമിയിലെ ജീവിതം അതിജീവിച്ചത് എന്ന് കണ്ടെത്തുന്നതിനുള്ള തെളിവുകള്‍ ശേഖരിക്കുകയാണെന്ന് മാക്‌സ് പ്ലങ്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സയന്‍സ് ഓഫ് ഹ്യൂമണ്‍ ഹിസ്റ്ററിയിലെ ഗവേഷകര്‍ പറഞ്ഞു. ഥാര്‍ മരുഭൂമിയിലൂടെ നദികളും അരുവികളും ഏതൊക്കെ വഴികളിലൂടെയാണ് ഒഴികിയിരുന്നത് എന്ന് കണ്ടെത്താന്‍ പഠനത്തിലൂടെ സാധിക്കും. എന്നാല്‍ അവയുടെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ മരുഭൂമിയുടെ നടുവിലുള്ള നദിയുടെ ഉത്ഭവത്തെ കുറിച്ചും, അത് ഒഴുകിയ വഴികളെ കുറിച്ചും അറിയണമെന്ന് അണ്ണ സര്‍വകലാശാലയിലെ ഗവേഷകന്‍ അച്യുതന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com