അത്യാധുനിക യുദ്ധോപകരണങ്ങള്‍, അന്തര്‍വാഹിനികളുടെ സാന്നിധ്യം തിരിച്ചറിയാന്‍ സെന്‍സറുകള്‍; ഐഎന്‍എസ് കവരത്തി കമ്മീഷന്‍ ചെയ്തു

തദ്ദേശീയമായി നിര്‍മ്മിച്ച ആന്റി സബ്മറൈന്‍ യുദ്ധക്കപ്പല്‍ ഐഎന്‍എസ് കവരത്തി നാവിക സേനയുടെ ഭാഗമായി
അത്യാധുനിക യുദ്ധോപകരണങ്ങള്‍, അന്തര്‍വാഹിനികളുടെ സാന്നിധ്യം തിരിച്ചറിയാന്‍ സെന്‍സറുകള്‍; ഐഎന്‍എസ് കവരത്തി കമ്മീഷന്‍ ചെയ്തു

ന്യൂഡല്‍ഹി:  തദ്ദേശീയമായി നിര്‍മ്മിച്ച ആന്റി സബ്മറൈന്‍ യുദ്ധക്കപ്പല്‍ ഐഎന്‍എസ് കവരത്തി നാവിക സേനയുടെ ഭാഗമായി. വിശാഖപട്ടണത്തെ കപ്പല്‍ നിര്‍മ്മാണശാലയില്‍ ഐഎന്‍എസ് കവരത്തി നാവികസേനയുടെ ഭാഗമാകുന്ന ചടങ്ങ് കരസേന മേധാവി എം എം നരവനേ ഉദ്ഘാടനം ചെയ്തു.കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രോജക്ട് 28ന്റെ ഭാഗമായി തദ്ദേശീയമായി നിര്‍മ്മിച്ച നാല് ആന്റി സബ്മറൈന്‍ യുദ്ധക്കപ്പലുകളില്‍ അവസാനത്തേതാണ് ഐഎന്‍എസ് കവരത്തി.

കമോര്‍ത്ത ക്ലാസില്‍പ്പെട്ട സ്‌റ്റെല്‍ത്ത് വിഭാഗത്തിലുളള ചെറിയ യുദ്ധക്കപ്പലാണ് ഐഎന്‍എസ് കവരത്തി. അത്യാധുനിക യുദ്ധോപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുളള യുദ്ധക്കപ്പല്‍ മുഖ്യമായി അന്തര്‍വാഹിനികളുടെ നിരീക്ഷണത്തിനാണ് ഉപയോഗിക്കുക. ഇതിനാവശ്യമായ സെന്‍സര്‍ സാങ്കേതികവിദ്യയാണ് കപ്പലിന്റെ സവിശേഷത.

നാവികസേനയുടെ കീഴിലുളള ഡിസൈന്‍ വിഭാഗമായ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈനാണ് ഇത് രൂപകല്‍പ്പന ചെയ്തത്. കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്‌സ് ആന്റ് എന്‍ജിനീയേഴ്‌സാണ് ഇത് നിര്‍മ്മിച്ചത്. നാവികസേനയുടെ കരുത്ത് വര്‍ധിപ്പിക്കുന്നതില്‍ ഐഎന്‍എസ് കവരത്തി നിര്‍ണായകമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബംഗ്ലാദേശ് വിമോചനത്തില്‍ സുപ്രധാന പങ്കുവഹിച്ച ഐഎന്‍എസ് കവരത്തിയോടുളള ആദരസൂചകമായാണ് ഈ പേര് തന്നെ ഇതിന് നല്‍കിയത്. അര്‍നാല ക്ലാസ് യുദ്ധക്കപ്പലായിരുന്നു ഐഎന്‍എസ് കവരത്തി. ആന്റി സബ്മറൈന്‍ യുദ്ധക്കപ്പലിന്റെ നിര്‍മ്മാണത്തില്‍ 90 ശതമാനവും തദ്ദേശീയമായാണ് കണ്ടെത്തിയത്.

സ്വയം പ്രതിരോധത്തിനുളള സംവിധാനമാണ് യുദ്ധക്കപ്പലിന്റെ മറ്റൊരു പ്രത്യേകത. അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് പുതിയ യുദ്ധക്കപ്പല്‍ നാവികസേനയുടെ ഭാഗമാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com