ഇനി ഇന്ത്യന്‍ വംശജര്‍ക്കും വിദേശികള്‍ക്കും രാജ്യത്ത് വരുന്നതിന് തടസ്സമില്ല; വിസ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിസ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍
ഫയൽ ചിത്രം
ഫയൽ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിസ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ടൂറിസ്റ്റ് വിസ ഒഴികെയുളളവര്‍ക്ക് വിമാനത്താവളം, തുറമുഖം എന്നിവ വഴി ഇന്ത്യയിലേക്ക് പ്രവേശിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്ന്് മടങ്ങുന്നതിനും തടസ്സം ഉണ്ടാവില്ല.

ഇന്ത്യന്‍ വംശജരായ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡുടമകള്‍ക്കും പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കാര്‍ഡുടമകള്‍ക്കും വിദേശികള്‍ക്കുമാണ് ഇത് പ്രയോജനം ചെയ്യുക. ടൂറിസ്റ്റ് വിസ ഒഴികെ ഏതു വിസയിലും ഇവര്‍ക്ക് ഇന്ത്യന്‍ സന്ദര്‍ശനം നടത്തുന്നതിനുളള അനുമതിയാണ് സര്‍ക്കാര്‍ നല്‍കിയത്. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

കോവിഡ് പശ്ചാത്തലത്തില്‍ എട്ടുമാസത്തോളം തടഞ്ഞുവെച്ചിരുന്ന വിസകളാണ് കേന്ദ്രസര്‍ക്കാര്‍ പുനസ്ഥാപിച്ചത്. വിസ നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ പ്രഖ്യാപിച്ച് വരികയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. വിദേശികള്‍ക്കും ഇന്ത്യക്കാര്‍ക്കും ഇന്ത്യയിലേക്ക് വരാനും തിരിച്ചുപോകാനും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിലാണ് ഘട്ടം ഘട്ടമായി ഇളവുകള്‍ അനുവദിച്ചുവരുന്നത്. ടൂറിസ്റ്റ് വിസയ്ക്ക് പുറമേ മെഡിക്കല്‍, ഇലക്ട്രോണിക് വിസകള്‍ക്കും നിയന്ത്രണം തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com