ബിഹാറില്‍ മോദിയുടെ തെരഞ്ഞെടുപ്പ് റാലി, വന്‍ ആള്‍ക്കൂട്ടം; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി (വീഡിയോ)

ഒരിക്കല്‍ ബിഹാര്‍ ഭരിച്ചിരുന്നവര്‍, സംസ്ഥാനത്തിന്റെ വികസനത്തില്‍ അത്യാര്‍ത്തി പൂണ്ട് ഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് മോദി വിമര്‍ശിച്ചു
ബിഹാറില്‍ മോദിയുടെ തെരഞ്ഞെടുപ്പ് റാലി, വന്‍ ആള്‍ക്കൂട്ടം; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി (വീഡിയോ)

ന്യൂഡല്‍ഹി:  ബിഹാര്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ വിശാല സഖ്യത്തിന് എതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരിക്കല്‍ ബിഹാര്‍ ഭരിച്ചിരുന്നവര്‍, സംസ്ഥാനത്തിന്റെ വികസനത്തില്‍ അത്യാര്‍ത്തി പൂണ്ട് ഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് മോദി വിമര്‍ശിച്ചു. സംസ്ഥാനത്തെ പിന്നോട്ടടിപ്പിച്ച ശക്തികളെ മറക്കരുതെന്ന് മോദി ഓര്‍മ്മിപ്പിച്ചു. കോവിഡ് വ്യാപനം തുടങ്ങി ഏകദേശം എട്ടുമാസത്തിന് ശേഷമാണ് മോദി ആദ്യമായി തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കുന്നത്. റാലിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആളുകള്‍ തടിച്ചുകൂടിയത് ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്.

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എന്‍ഡിഎ സര്‍ക്കാരാണ് റദ്ദാക്കിയത്. വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇത് പുനഃസ്ഥാപിക്കുമെന്നാണ് പ്രതിപക്ഷം പറയുന്നത്. ഇത് പറഞ്ഞുകൊണ്ടാണ് ബിഹാറില്‍ ജനങ്ങളോട് വോട്ട് അഭ്യര്‍ത്ഥിക്കാന്‍ മുതിരുന്നത്. ഇത് ബിഹാറിനെ അപമാനിക്കല്ലല്ലേ എന്ന് മോദി ചോദിച്ചു. രാജ്യത്തെ സംരക്ഷിക്കാന്‍ നിരവധി മക്കളെയാണ് ബിഹാറില്‍ നിന്ന് അതിര്‍ത്തിയിലേക്ക് അയച്ചിരിക്കുന്നതെന്നും മോദി ഓര്‍മ്മിപ്പിച്ചു.

കോവിഡിനെതിരെ പോരാടിയ രീതിയില്‍ ബിഹാര്‍ ജനതയെ അഭിനന്ദിക്കുന്നതായി മോദി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാരും ജനങ്ങളും സ്വീകരിച്ച മാര്‍ഗങ്ങള്‍ പ്രശംസനീയമാണ്. വേഗത്തില്‍ നീതിഷ് കുമാര്‍ സര്‍ക്കാര്‍ ഇടപെട്ടത് കൊണ്ടാണ് ബിഹാറില്‍ കോവിഡിനെ നിയന്ത്രിക്കാന്‍ സാധിച്ചത്. അല്ലാത്തപക്ഷം നിരവധി മരണങ്ങള്‍ സംഭവിക്കുമായിരുന്നുവെന്നും മോദി പറഞ്ഞു.

കോവിഡ് വ്യാപനം തുടങ്ങി ഏകദേശം എട്ടുമാസത്തിന് ശേഷമുളള മോദിയുടെ ആദ്യ തെരഞ്ഞെടുപ്പ് റാലി വീക്ഷിക്കാന്‍ ആയിരങ്ങളാണ് എത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുമ്പോള്‍ സാമൂഹിക അകലം പോലും പാലിക്കാതെയാണ് ജനങ്ങള്‍ തടിച്ചുകൂടിയത്. പലരും മാസ്‌ക് പോലും ധരിച്ചിട്ടില്ല. ഇതിന്റെ വീഡിയോയും വ്യാപകമായാണ് പ്രചരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com