വാക്‌സിന്‍ ആദ്യം നല്‍കുക ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്; മുന്‍ഗണനാക്രമം തയ്യാറാക്കും; സമഗ്ര പദ്ധതിയുമായി കേന്ദ്രം

വാക്‌സിന്‍ ആദ്യം നല്‍കുക ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്; മുന്‍ഗണനാക്രമം തയ്യാറാക്കും; സമഗ്ര പദ്ധതിയുമായി കേന്ദ്രം
വാക്‌സിന്‍ ആദ്യം നല്‍കുക ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്; മുന്‍ഗണനാക്രമം തയ്യാറാക്കും; സമഗ്ര പദ്ധതിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ ജനങ്ങള്‍ക്ക് നല്‍കുന്നതിന് മുന്നോടിയായി പ്രത്യേക രോഗ പ്രതിരോധ പദ്ധതി തയ്യാറാക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. വാക്‌സിനുകള്‍ നേരിട്ട് സംഭരിച്ച് മുന്‍ഗണനാ ക്രമത്തില്‍ വിതരണം ചെയ്യാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സര്‍ക്കാരുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

സംസ്ഥാനങ്ങളേയും ജില്ലകളേയും മുന്‍ഗണനാ പട്ടിക പ്രകാരം നിര്‍ണയിച്ച് സൗജന്യമായി കേന്ദ്രം നേരിട്ട് വാക്‌സിനുകള്‍ വിതരണം ചെയ്യും. വാക്‌സിനുകള്‍ സംസ്ഥാനങ്ങള്‍ നേരിട്ട് എത്തിച്ച് സംഭരിക്കരുതെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു. 

വാക്‌സിന്‍ വളരെ അത്യവശ്യമായി നല്‍കേണ്ട 30 കോടിയോളം ജനങ്ങളുടെ പട്ടിക തയ്യാറാക്കാനുള്ള ഒരുക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. പട്ടിക തയ്യാറാക്കുന്നതിനായി സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നവംബര്‍ പകുതിയോടെ മുന്‍ഗണനക്കാരുടെ പട്ടിക തയ്യാറാക്കാനാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ആധാര്‍ കാര്‍ഡ് വഴി ബന്ധിപ്പിച്ചാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍. 

വാക്‌സിന്‍ വിതരണത്തില്‍ നിലവില്‍ രാജ്യത്തുള്ള പദ്ധതിക്ക് സമാന്തരമായി പ്രത്യേക വിഭാഗത്തില്‍പ്പെടുത്തിയാണ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുക. രാജ്യത്ത് നിലവിലുള്ള വാക്‌സിന്‍ വിതരണ ശൃംഖല ഉപയോഗിച്ച് തന്നെയായിരിക്കും ഇതിന്റെ വിതരണവും. 

പ്രാഥമിക ഘട്ടത്തില്‍ വാക്‌സിനേഷനായി നാല് വിഭാഗത്തിലുള്ള ആളുകളെ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍, എംബിബിഎസ് വിദ്യാര്‍ത്ഥികള്‍, നഴ്‌സുമാര്‍, ആശാ തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെ ഒരു കോടി ആരോഗ്യ വിദഗ്ധര്‍, മുനിസിപ്പല്‍ കോര്‍പറേഷന്‍ തൊഴിലാളികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍, സായുധ സേന എന്നിവരുള്‍പ്പെടെ രണ്ട് കോടി മുന്‍നിര ജീവനക്കാര്‍, 50 വയസിനു മുകളിലുള്ള 26 കോടി ആളുകളാണ് മുന്‍ഗണനയില്‍ ആദ്യം വരുന്നത്. കൂടാതെ 50 വയസിന് താഴെയുള്ള രോഗാവസ്ഥയും പ്രത്യേക പരിചരണം ആവശ്യമുള്ളവരും ആദ്യ ഘട്ടത്തിലുള്ള പട്ടികയില്‍പ്പെടും. 

വാക്‌സിന്‍ വിതരണത്തിലെ നിലവിലെ സര്‍ക്കാര്‍ സംവിധാനങ്ങളും സൗകാര്യ പങ്കാളിത്തവും ഉപയോഗപ്പെടുത്തിയാകും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുക. അടുത്ത വര്‍ഷം ജൂലൈ മാസമാകുമ്പോഴേക്കും വാക്‌സിന്‍ നല്‍കാന്‍ സാധിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com