'ഞങ്ങള്‍ ബിജെപി വിരോധികളാണ്; രാജ്യ വിരുദ്ധരല്ല'- പീപ്പിള്‍ അലയന്‍സിനെ ഫാറൂഖ് അബ്ദുള്ള നയിക്കും; കശ്മീരിന്റെ പഴയ പതാക ഉപയോഗിക്കും

'ഞങ്ങള്‍ ബിജെപി വിരോധികളാണ്; രാജ്യ വിരുദ്ധരല്ല'- പീപ്പിള്‍ അലയന്‍സിനെ ഫാറൂഖ് അബ്ദുള്ള നയിക്കും; കശ്മീരിന്റെ പഴയ പതാക ഉപയോഗിക്കും
'ഞങ്ങള്‍ ബിജെപി വിരോധികളാണ്; രാജ്യ വിരുദ്ധരല്ല'- പീപ്പിള്‍ അലയന്‍സിനെ ഫാറൂഖ് അബ്ദുള്ള നയിക്കും; കശ്മീരിന്റെ പഴയ പതാക ഉപയോഗിക്കും

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടത്തിനായി രൂപവത്കരിച്ച മുഖ്യധാരാ പാര്‍ട്ടികളുടെ കൂട്ടായ്മയായ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷ (പിഎജിഡി)ന്റെ പ്രസിഡന്റായി മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ തിരഞ്ഞെടുത്തു. മെഹ്ബൂബ മുഫ്തിയാണ് വൈസ് ചെയര്‍മാന്‍. 

മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് മുന്‍കാലങ്ങളിലെ ശത്രുത വെടിഞ്ഞ് വിവിധ പാര്‍ട്ടികള്‍ തീരുമാനങ്ങള്‍ എതിരില്ലാതെ കൈക്കൊണ്ടത്. ഇടത് നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ കണ്‍വീനറായും പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജാദ് ലോണിനെ വക്താവായും കൂട്ടായ്മ തിരഞ്ഞെടുത്തു. ജമ്മു കശ്മീരീരിന്റെ മുന്‍ പതാക തുടര്‍ന്നും ഉപയോഗിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. 

ദേശവിരുദ്ധ കൂട്ടായ്മയാണ് തങ്ങളുടേത് എന്നത് ബിജെപിയുടെ വ്യാജ പ്രചാരണമാണെന്ന് ഫാറൂഖ് അബ്ദുള്ള യോഗത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. കൂട്ടായ്മ ബിജെപി വിരുദ്ധമാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ദേശ വിരുദ്ധം അല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ ഭരണ ഘടനയെ നശിപ്പിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തിയത്. രാജ്യത്തെ ഭിന്നിപ്പിക്കാനും ഫെഡറല്‍ ഘടന തകര്‍ക്കാനും ശ്രമിച്ചു. അതാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിന് നാം കണ്ടതെന്നും ഫാറൂഖ് അബ്ദുള്ള കുറ്റപ്പെടുത്തി.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷമുള്ള കശ്മീരിലെ ഭരണം സംബന്ധിച്ച ധവളപത്രം ഒരു മാസത്തിനകം പുറത്തിറക്കുമെന്ന് സജാദ് ലോണ്‍ പറഞ്ഞു. ബിജെപി നടത്തുന്ന പ്രചാരണത്തിലെ പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. ധവളപത്രത്തില്‍ ആലങ്കാരിക പ്രയോഗങ്ങളല്ല വസ്തുനിഷ്ഠമായ കാര്യങ്ങളാവും ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com