കരടിക്കുട്ടിയെ രക്ഷിച്ചു, ഒന്‍പത് മാസം കുട്ടി വളര്‍ത്തി; വനംവകുപ്പിന് കൈമാറി, 'ലുംബയ്ക്ക്'‌ നിറകണ്ണുകളോടെ യാത്രയയപ്പ് ( വീഡിയോ)

ആണ്‍കുട്ടിയും കരടിക്കുട്ടിയും തമ്മിലുളള ഊഷ്മളമായ സൗഹൃദത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിക്കുന്നത്
കരടിക്കുട്ടിയെ രക്ഷിച്ചു, ഒന്‍പത് മാസം കുട്ടി വളര്‍ത്തി; വനംവകുപ്പിന് കൈമാറി, 'ലുംബയ്ക്ക്'‌ നിറകണ്ണുകളോടെ യാത്രയയപ്പ് ( വീഡിയോ)

ഗുവാഹത്തി: ഒന്‍പത് മാസം മുന്‍പ് വീട്ടിലേക്ക് അതിഥിയായി എത്തുമ്പോള്‍ വരും നാളുകളില്‍ തനിക്ക് ഒരിക്കലും പിരിയാന്‍ കഴിയാത്ത ചങ്ങാതിയായി കരടിക്കുട്ടി മാറുമെന്ന് അരുണാചല്‍ പ്രദേശിലെ ഈ ആദിവാസി ബാലന്‍ ഒരിക്കലും കരുതി കാണില്ല. അതുകൊണ്ട് തന്നെ മാസങ്ങള്‍ക്ക് ഇപ്പുറം വീട്ടിലെ ഒരംഗത്തെ പോലെ കണ്ടുവന്ന കരടിക്കുട്ടിയെ വനംവകുപ്പിന് കൈമാറുന്നത് ടെര്‍ഡെ യൂംചെയ്ക്ക് വേദനാജനകമായ ഒരു അനുഭവമായി മാറി. ആണ്‍കുട്ടിയും കരടിക്കുട്ടിയും തമ്മിലുളള ഊഷ്മളമായ സൗഹൃദത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിക്കുന്നത്.

ലുംബ എന്ന് പേരിട്ട കരടിക്കുട്ടിയെ ഒന്‍പത് മാസം മുന്‍പാണ് ടെര്‍ഡെ യൂംചെയ്ക്ക് ലഭിക്കുന്നത്. മാസങ്ങള്‍ മാത്രം പ്രായമുളളപ്പോള്‍ വന്യജീവികളെ നിയമവിരുദ്ധമായി വില്‍ക്കുന്നയാളില്‍ നിന്നാണ് ഇതിനെ രക്ഷിച്ചത്്. ദിവസങ്ങള്‍ കൊണ്ട് വീട്ടിലെ ഒരംഗത്തെ പോലെ കരടിക്കുട്ടി വീട്ടുകാരുമായി ഇണങ്ങി. ഒരു സഹോദരിയെ പോലെയാണ് ടെര്‍ഡെ യൂംചെ കരടിക്കുട്ടിയെ കണ്ടത്. ഇതിനെയാണ് മാസങ്ങള്‍ക്ക് ശേഷം അരുണാചല്‍ പ്രദേശ് വനംവകുപ്പിന് കൈമാറിയത്. നിറകണ്ണുകളോടെയാണ് ടെര്‍ഡെ യൂംചെ കരടിക്കുട്ടിയെ കൈമാറിയത്. ഭാവിയില്‍ കോളജില്‍ പഠിക്കുന്ന സമയത്ത് ഇറ്റാനഗറിലെ മൃഗശാലയില്‍ പോയി തന്റെ സ്വന്തം ലുംബയെ കാണാമല്ലോ എന്ന് സ്വയം ആശ്വസിക്കുകയാണ് ടെര്‍ഡെ യൂംചെ.

കഴിഞ്ഞ മാസങ്ങളില്‍ വീട്ടില്‍ നി്ന്ന് ലഭിച്ച പണവും സ്‌കൂളില്‍ നിന്നും ലഭിച്ച സ്റ്റെപ്പന്റുമാണ് കരടിക്കുട്ടിയെ പരിപാലിക്കാന്‍  ആദിവാസി ബാലന്‍ ഉപയോഗിച്ചത്. കരടിക്കുട്ടിയെ ബാത്ത്ടബില്‍ കുളിപ്പിക്കുന്നതിന്റെയും കുട്ടികളോടൊപ്പം കളിക്കുന്നതും നാട്ടുകാര്‍ക്ക് കൗതുകമായിരുന്നു. കരടിക്കുട്ടി പാല്‍ കുടിക്കുന്നത് അടക്കമുളള വീഡിയോയും വ്യാപകമായാണ് പ്രചരിക്കുന്നത്. മറ്റു കരടികളില്‍ നിന്ന് വ്യത്യസ്തമായി പച്ചക്കറിവിഭവങ്ങള്‍ കഴിച്ചാണ് ആദിവാസി ബാലന്റെ വീട്ടില്‍ കരടിക്കുട്ടി വളര്‍ന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com